ചക്കിട്ടപാറയിലെത്തിയത് മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്‍ ഉള്‍പ്പെടുന്ന സംഘമെന്ന് സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്


പേരാമ്പ്ര: ചക്കിട്ടപാറയില്‍ അടുത്തിടെ മാവോയിസ്റ്റുകള്‍ വന്ന സംഭവത്തില്‍ മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പറഞ്ഞു. ഒന്നര മാസത്തിനിടയില്‍ മൂന്ന് തവണയാണ് ആയുധ ധാരികളായ സംഘം ചക്കിട്ടപാറയിലെത്തിയത്. മുത്തുകാടിലും പയ്യാനിക്കോട്ടയിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള (പിസികെ) നടത്തുന്ന പേരാമ്പ്ര എസ്റ്റേറ്റിലും മാവോയിസ്റ്റുകളെത്തി ലഘു ലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകളൊട്ടിക്കുകയും ചെയ്തിരുന്നു.

സിപിഎം നേതാക്കളായ എളമരം കരീം എംപി, ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ എന്നിവര്‍ക്കെതിരെയും ഇരുമ്പയിര് ഖനന പദ്ധതിക്കെതിരെയുമാണ് ഇവര്‍ സംസാരിച്ചിരുന്നത്. കെ സുനിലിന് മാവോയിസ്റ്റ് വധ ഭീഷണിയെ തുടര്‍ന്ന തണ്ടര്‍ബോള്‍ട്ടിനന്റെ സുരക്ഷ ഏര്‍പ്പെടുത്തി.


സി.പി.ഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി (WGSZC)യിലെ മുതിര്‍ന്ന അംഗമാണ് മൊയ്തീന്‍. മുമ്പ് അദ്ദേഹം കബനി ദളത്തിനൊപ്പമായിരുന്നു, പക്ഷേ ഇപ്പോള്‍ ബാണാസുര ദളത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൊയ്തീനെ നിയോഗിച്ചിട്ടുണ്ടാകാമെന്നും എടിഎസ് പറഞ്ഞു.

ഒരു അപകടത്തില്‍ കൈ നഷ്ടപ്പെട്ടതായി പറയപ്പെടുന്ന മൊയ്തീന്‍ 2017 മുതല്‍ വയനാട്, നിലമ്പൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കാട്ടിലുണ്ടായിരുന്നുവെന്ന് എടിഎസ് വ്യക്തമാക്കി. ശാരീരികമായി ദുര്‍ബലനാണെങ്കിലും നിരോധിത സംഘടനയുടെ പ്രത്യയശാസ്ത്ര മുഖമാണ് മൊയ്തീനെന്ന് എ.ടി.എസ് പറഞ്ഞു.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 45 കാരനായ മൊയ്തീന്‍ അള്‍ട്രാ ഗ്രൂപ്പിലെ അംഗങ്ങളായ സി.പി ജലീലിന്റെയും സി.പി ഇസ്മായിലിന്റെയും മൂത്ത സഹോദരനാണ്. 2019 ല്‍ വയനാട്ടില്‍ സംസ്ഥാന പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സി.പി ജലീല്‍ കൊല്ലപ്പെട്ടു. സി.പി ഇസ്മായിലിനെയും സംഘടനയുടെ മുതിര്‍ന്ന നേതാവായ മുരളി കണ്ണമ്പിള്ളിയെയും 2015 ല്‍ പൂനെയില്‍ വച്ച് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു. ഇസ്മായില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

സെപ്റ്റംബര്‍ ഏഴിനാണ് സ്ത്രീകളുള്‍പ്പെടെയുള്ള സംഘം പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റിലെത്തി ലഘു ലേഘകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തത്. ഇതിന് മുമ്പ് ഓഗസ്റ്റില്‍ മുതുകാട് നാലാം ബ്ലോക്കില്‍ പയ്യാന കോട്ട ദേവി ക്ഷേത്രത്തിന് സമീപം തോമസ്സിന്റെ വീട്ടിലും ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. രാത്രി ഏഴ് മണിക്ക് ശേഷം ചാക്കോയുടെ വീട്ടിലെത്തിയ സംഘം രണ്ട് മണിക്കൂറോളം വീട്ടില്‍ ചെലവിട്ട് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ചാര്‍ജ് ചെയ്ത്ശേഷമാണ് പോയ്ത്. പോകുമ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണ സാധനങ്ങളും ഇവര്‍ അപഹരിച്ചിട്ടുണ്ട്. രണ്ട് സ്ത്രീയും ഒരു പുരുഷനുമടങ്ങുന്ന സംഘമാണ് അവിടെ എത്തിയത്. ഇതില്‍ ഒരാള്‍ക്ക് ഒരു കൈ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ചാക്കോ പറഞ്ഞിരുന്നു.