ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികൾക്ക് ദുബൈ ഭരണാധികാരിയുടെ അഭിനന്ദനം, വടകര സ്വദേശി പകർത്തിയ വീഡിയോ കൂടി പങ്കുവെച്ചാണ് ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്, വീഡിയോ കാണാം


 

കോഴിക്കോട്: കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭിനന്ദനം. പൂച്ചയെ രക്ഷിക്കുന്ന വിഡിയോ തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചാണ് അദ്ദേഹം അഭിനന്ദിച്ചത്. മനോഹരമായ നമ്മുടെ നഗരത്തിൽ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ സന്തോഷിപ്പിക്കുന്നുവെന്നു അദ്ദേഹം അറബികിലും ഇംഗ്ലീഷിലും കുറിച്ചു. അറിയപ്പെടാത്ത ഈ ഹീറോമാരെ തിരിച്ചറിഞ്ഞാൽ നന്ദി പറയുക എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ എട്ടിന് ദെയ്റ ഫ്രിജ് മുറാജിലായിരുന്നു യുഎഇയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. വടകര സ്വദേശി റാഷിദ് ബിൻ മുഹമ്മദിന്റെ കടയിൽ പതിവായി എത്തുന്ന പൂച്ച പരിസരവാസികളുടെ ഒാമനയായിരുന്നു. എല്ലാവരും പൂച്ചയ്ക്ക് ഭക്ഷണവും മറ്റും നൽകുമായിരുന്നു. ഇന്നലെ രാവിലെ കടയ്ക്ക് മുൻപിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിലായിരുന്നു പൂച്ച കുടുങ്ങിയത്.

അകത്തേയ്ക്കും പുറത്തേയ്ക്കും വരാനാകാതെ കുടുങ്ങിയ പൂച്ചയെ കണ്ട അതുവഴി പോവുകയായിരുന്ന വഴിയാത്രക്കാരിൽ ചിലർ തുണി വിടർത്തിപ്പിടിച്ച് ചാടിക്കുകയായിരുന്നു. പൂച്ച സുരക്ഷിതമായി താഴെ എത്തി. ഇത് റാഷിദ് ബിൻ മുഹമ്മദ് വിഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു. പൂച്ചയ്ക്ക് പിന്നീട് പാലും ഭക്ഷണവും നൽകി ഹാപ്പിയാക്കി.