ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രധിഷേധ സമരം സംഘടിപ്പിച്ചു


പേരാമ്പ്ര: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കെ എസ് യു. കെ.എസ്. യു പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ഇ ഒ ഓഫീസിന് മുന്നില്‍ പ്രധിഷേധ സമരം സംഘടിപ്പിച്ചു. പ്രധിഷേധ പരിപാടി കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് യാതൊരു ചര്‍ച്ചയും കൂടാതെ നിര്‍ത്തലാക്കിയത് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ്. ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയ നടപടി സര്‍ക്കാര്‍ എത്രയും പെട്ടന്ന് പുന:പരിശോധിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് റദ്ദു ചെയ്തു കൊണ്ട് പുറത്തിറക്കിയ ഉത്തരവ് പ്രതീകാത്മമായി കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. കൃത്യമായ പാഠ്യതര മണിക്കൂറുകള്‍ തികച്ച വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ കാണിക്കുന്നത് തികച്ചും അനാസ്ഥയാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് മുആദ് നരിനട അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആദില്‍ മുണ്ടിയത്ത്, ആദിത്യ വാത്മീകം, അമിത് രാജപുരം, ഷാഫി ടി, അനുരഞ്ജ് വട്ടക്കണ്ടി, തേജശ്രീ, ഹരി പേരാമ്പ്ര, വിശ്വനാഥ് വി കെ, അക്ഷയ് ബിനു എന്നിവര്‍ സംസാരിച്ചു