ഗ്രാമീണ ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകളറിയാം; വരൂ നെല്യാടി പുഴയോരത്തേക്ക്, ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് ഇവിടെ കളമൊരുങ്ങുന്നു, നെല്യാടിപ്പുഴയോര കാഴ്ചകള്‍ അടുത്തറിയാം (ചിത്രങ്ങൾ)


മേപ്പയ്യൂര്‍: ‘ഗ്രാമങ്ങളെ തൊട്ടറിയാം’ എന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി അകലാപ്പുഴയുടെ ഭാഗമായുളള നെല്യാടി പുഴയോരം കേന്ദ്രമാക്കി ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് കളമൊരുങ്ങുന്നു. ഗ്രാമീണ ജീവിതം തൊട്ടറിയുന്നതിനവും,സാംസ്‌ക്കാരിക വൈവിധ്യം മനസ്സിലാക്കുന്നതിനും, ഗ്രാമ ഭംഗി ആസ്വദിക്കാനും നെല്യാടി പുഴയോരവും സമീപ ദേശങ്ങളും ധാരാളം.

ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് നെല്യാടിപ്പുഴയ്ക്ക് അനന്ത സാധ്യതകളാണുളളത്. ഇത് സംബന്ധിച്ച് പുളിയഞ്ചേരി യംങ്ങ് ടൈഗേഴ്‌സ് കലാ സാംസ്‌കാരിക വേദിയുടെ ഭാഗമായുളള നെല്യാടി ഉത്തരവാദിത്ത ടൂറിസം ഫോറം തയ്യാറാക്കിയ പഠന രേഖ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കൈമാറിയിട്ടുണ്ട്.

കൊയിലാണ്ടി നഗരസഭയോടും കീഴരിയൂര്‍, മൂടാടി, തിക്കോടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഉള്ളിയേരി പഞ്ചായത്തുകളുടെയും ഓരം ചേര്‍ന്ന് ഒഴുകുന്ന അകലാപ്പുഴയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദ സഞ്ചാരികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനുതകുന്ന നിര്‍ദ്ദേശങ്ങളാണ് മന്ത്രിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്.

ഇവിടുത്തെ തനതു ഗ്രാമീണ സംസ്‌കാരവും ഗ്രാമീണ ഭംഗിയും സ്വാഭാവിക പരിസ്ഥിതിയും നിലനിര്‍ത്തിക്കൊണ്ടു ഒരു പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി ഉത്തരവാദിത്ത ടൂറിസം മിഷന്റെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി നടപ്പാക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഗ്രാമീണ കുടില്‍ വ്യവസായങ്ങളും, കലാരൂപങ്ങളും, നാടന്‍ ഭക്ഷ്യ വിഭവങ്ങളും, കൂടുതല്‍ പേരിലേക്ക് എത്തിക്കാനും, ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും സാധിക്കും.

അനുഗ്രഹീതമായ പ്രകൃതിദത്ത ആവാസ മേഖലയാണ് ഇവിടം. നീര്‍ത്തടങ്ങളും തണ്ണീര്‍ത്തടങ്ങളും പുഴയും ഇടതോടുകളും ആമ്പല്‍ പൊയ്കകളും കണ്ടല്‍കാടുകളും ചേര്‍ന്ന് മനോഹരമായ ഭൂപ്രകൃതിയാണ് അകലാപ്പുഴയും ചുറ്റും. പുഴയിലൂടെ ചെറു തോണിയില്‍ സഞ്ചരിച്ചാലുണ്ടാവുന്ന അനുഭൂതി വിവരണാതീതമാണ്. പുഴയുടെ ഇരു കരകളിലും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ ഏവരെയും ആകര്‍ഷിക്കും. വിവിധയിനം പക്ഷികളുടെ ആവാസ കേന്ദ്രവും ദേശാടന പക്ഷികളുടെ ഇടത്താവളവുമാണിത്.

പുഴയാണെങ്കിലും ഒരു നിശ്ചല തടാകം പോലെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ് നെല്യാടി പുഴ. കയാക്കിങ്, സ്‌കൂബി ഡൈവിംഗ്, നീന്തല്‍ മത്സരങ്ങള്‍, തുഴച്ചില്‍ പരിശീലനം തുടങ്ങി അക്വാട്ടിക് സ്പോര്‍ട്സ് പരിശീലന വേദിയാക്കാനും ഈ പുഴ കൊണ്ട് സാധിക്കും. സമീപ പ്രദേശങ്ങളിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍, കണ്ടല്‍ കാട്, തോണിയാത്ര, പുഴയോര റോഡ് വഴിയുള്ള സൈക്ലിംഗ്, പട്ടം പറത്തല്‍, ചൂണ്ടയിടല്‍ എന്നിവയും നെല്യാടിപ്പുഴയോരത്ത് സംഘടിപ്പിക്കാം.

അകലാപ്പുഴയോരത്തെ തനതു കൈത്തൊഴിലുകളായ തഴപ്പായ നെയ്തു, കയര്‍ പിരിക്കല്‍, വീട്ടാവശ്യത്തിനുള്ള ആയുധ നിര്‍മാണം, കള്ളുചെത്ത്, ഉള്‍നാടന്‍ മല്‍സ്യബന്ധനം, ഓലമെടച്ചില്‍, തുണിനെയ്ത്ത്, ഹുക്ക നിര്‍മാണം, ഉരു നിര്‍മാണം തുടങ്ങിയ തൊഴിലുകള്‍ സഞ്ചാരികളെ പരിചയപ്പെടുത്താനും,തെയ്യവും, തിറയും, കളരിയും അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും സൗകര്യമുണ്ടാക്കണം. കൊയിലാണ്ടിയുടെ തനതു വിഭവങ്ങളായ പത്തിരി, നെയ് പത്തിരി, പൊരിച്ച പത്തിരി, മീന്‍ പത്തിരി, ഇറച്ചി പത്തിരി, ചട്ടിപ്പത്തിരി, ഉന്നക്കായ, മലബാര്‍ ബിരിയാണി തുടങ്ങിയ നാടന്‍ വിഭവങ്ങളും ടൂറിസ്റ്റുകള്‍ ഇഷ്ട്ടപ്പെടും.

നെല്യാടിപ്പുഴയിലെത്തുന്ന സഞ്ചാരികളെ ജില്ലയിലെ പ്രധാന ടൂറിസം സെന്റുകളായ കാപ്പാട് ബീച്ച്, അകലാപ്പുഴ ബോട്ടിങ്സെന്റര്‍, തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്, പെരുവണ്ണാമൂഴി ഡാം, കരിയാത്തുംപാറ, കക്കയം ഡാം, കൊയിലാണ്ടി ഫിഷിങ് ഹാര്‍ബര്‍, അണേല കണ്ടല്‍ മ്യുസിയം, കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ്, വെള്ളിയാംകല്ല് എന്നിവയും സന്ദര്‍ശിക്കാനുതകുന്ന ടൂറിസം വികസന പദ്ധതിയാണവശ്യം. കൂടാതെ ജില്ലയിലെ പ്രധാന നെല്ലറകളായ വെളിയണ്ണൂര്‍ ചല്ലിയെയും ഇതുമായി ബന്ധപ്പെടുത്താം.

സഞ്ചാരികളെ സമീപ തീര്‍ത്ഥാടക കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാനും പദ്ധതി വേണം. കൊല്ലം പിഷാരികാവ് ക്ഷേത്രം, കൊല്ലം പാറപ്പള്ളി മഖാം, ഉരുപുണ്യകാവ് ക്ഷേത്രം, സമീപമുള്ള ബീച്ച്, മുചുകുന്ന് കോട്ടയില്‍ ക്ഷേത്രം, പന്തലായനി അഘോര ശിവ ക്ഷേത്രം, പൊയില്‍ക്കാവ് ക്ഷേത്രം എന്നിവയും ആകര്‍ഷിക്കും.