ഗോൾഡ് പാലസ് തട്ടിപ്പ്; ജൂവലറിയിൽനിന്ന് കടത്തിയ 10 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തു


പയ്യോളി : ഗോൾഡ് പാലസ് ജൂവലറി നിക്ഷേപതട്ടിപ്പിന്റെ ഭാഗമായി ജൂവലറിയുടെ പയ്യോളി ശാഖയിൽനിന്ന് കടത്തിയ 248 ഗ്രാം സ്വർണം പയ്യോളി പോലീസ് കണ്ടെടുത്തു. ഇതിന് പത്തുലക്ഷം രൂപ വിലവരും.

കേസിലെ മൂന്നാം പ്രതിയും ജൂവലറി ഉടമകളിൽ ഒരാളുമായ ചിങ്ങപുരം കൊയിലോത്ത് മൊയ്തീൻഹാജി (64) മാറ്റിയ സ്വർണമാണ് കണ്ടെടുത്തത്. ഇയാളുടെ അടുത്തബന്ധുവും ജൂവലറിയുടെ മറ്റൊരു പാർട്ണറുമായ സഹല തടത്തിക്കണ്ടിയുടെ വീട്ടിൽനിന്നാണ് ഇവ ലഭിച്ചത്.

നഗരസഭ കൗൺസിലർ കെ.കെ. സ്മിതേഷിന്റെ സാന്നിധ്യത്തിൽ എസ്.ബി.ഐ. ഗോൾഡ് അപ്രൈസർ രവീന്ദ്രൻ അമ്പാടി ആഭരണങ്ങൾ അളന്നു തിട്ടപ്പെടുത്തി. ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ. എ.കെ. സജീഷ്, എ.എസ്.ഐ. പി. ഉണ്ണിക്കൃഷ്ണൻ, സി.പി.ഒ.മാരായ എം. അനിൽകുമാർ, കെ. സോമ്‌നി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ജൂവലറി പൊളിഞ്ഞതിനെത്തുടർന്ന് അന്ന് സ്റ്റോക്കുണ്ടായിരുന്ന അഞ്ചുകിലോഗ്രാം സ്വർണമാണ് മൊയ്തീൻഹാജി മാറ്റിയത്. ബാക്കി ആഭരണങ്ങൾ കണ്ടെടുക്കാൻ പോലീസ് ശ്രമിച്ചുവരുന്നു. മൊയ്തീൻഹാജി ഇപ്പോൾ റിമാൻഡിലാണ്.