ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്


കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവർക്ക് അവരുടെ നിക്ഷേപം തിരിച്ചു കിട്ടുന്നതിന് നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രി നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ ആവശ്യപ്രകാരം ജ്വല്ലറിക്ക് സമീപം എത്തി പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തി.

നിലവിലെ അവസ്ഥ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും സ്ത്രീകൾ അടക്കമുള്ളവരും മന്ത്രിയെ ബോധിപ്പിച്ചു. ജ്വല്ലറിയിൽ നിന്ന് പൊലീസ് കണ്ടെത്തിയ സ്വർണത്തിന് പുറമേ ബാക്കിയുള്ള സ്വർണം കൂടി കണ്ടെത്തണമെന്നും ജ്വല്ലറിയിലെ സിസി ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. മന്ത്രിക്ക് നിവേദനം നൽകി.

കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എം. റഷീദ്, എം.കെ. ശശി, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.