ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ തിക്കോടി സ്വദേശി അറസ്റ്റില്‍


 

പയ്യോളി: ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിക്കോടി ചിങ്ങപുരം കൊയിലോത്ത് മൊയ്തീന്‍ ഹാജി (64) യെയാണ് ഒളിവില്‍ കഴിയവെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് സ്‌റ്റേഷനില്‍ നാല് കേസുകളാണ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്. ഐപി.സി സെക്ഷന്‍ 406, 420 വകുപ്പുകളാണ് മൊയ്തീന്‍ ഹാജിക്കെതിരെ ചുമത്തിയത്. ഇയാള്‍ കേസില്‍ മൂന്നാം പ്രതിയാണ്. ഒന്നും രണ്ടും പ്രതികളായ സാബിര്‍ വിപി, സബീല്‍ പി. തൊടുവയില്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ കൂടാതെ കേസില്‍ നാല് പേരു കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പയ്യോളിയിലെ ഗോള്‍ഡ് പാലസ് ജ്വല്ലറി അടച്ച് പൂട്ടുമ്പോള്‍ ജ്വല്ലറിയില്‍ ഉണ്ടായിരുന്ന അഞ്ച് കിലോയോളം സ്വര്‍ണ്ണം മാറ്റിയത് ഈ പ്രതികള്‍ ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പയ്യോളി എസ്‌ഐ എ.കെ. സജീഷ്, എഎസ്‌ഐ പി. ഉണ്ണികൃഷ്ണന്‍, എസ് സിപിഒ എ.അനില്‍കുമാര്‍, കെ. സോമ്‌നി എന്നിവര്‍ ചേര്‍ന്ന് തിക്കോടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ മൊയ്തീന്‍ ഹാജിയെ റിമാന്‍ഡ് ചെയ്ത് വടകര സബ് ജയിലിലേക്ക് മാറ്റി.