ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: നിക്ഷേപം തിരിച്ചുകിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് പി.എ മുഹമ്മദ് റിയാസ്
കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവര്‍ക്ക് നിക്ഷേപം തിരിച്ചുകിട്ടാന്‍ നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇരകളുടെ ആവശ്യപ്രകാരം ജ്വല്ലറിക്ക് സമീപം എത്തി പരാതിക്കാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയ സ്വര്‍ണത്തിന് പുറമേ ബാക്കിയുള്ള സ്വര്‍ണം കൂടി കണ്ടെത്തണമെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു.
കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എം റഷീദ്, എം.കെ ശശി, പഞ്ചായത്ത് പ്രസിഡന്റ് നഫീസ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.