ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: മുഖ്യപ്രതി സബീറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പേരാമ്പ്ര: സ്വര്‍ണ്ണവും പണവും നിക്ഷേപമായി സ്വീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഗോള്‍ഡ് പാലസ് ജ്വല്ലറി മാനേജിങ് പാര്‍ട്ണര്‍ വടക്കേപറമ്പത്ത് സബീറിനെ (42) തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് സബീര്‍ കുറ്റ്യാടി പോലീസില്‍ കീഴടങ്ങിയത്.
കുറ്റ്യാടി, പയ്യോളി, കല്ലാച്ചി എന്നിവിടങ്ങളിലായി ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ പേരില്‍ നിരവധി പേരില്‍ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് സബീര്‍ അറസ്റ്റിലായിത്. കേസില്‍ ജ്വല്ലറിയുടെ പാര്‍ട്ണര്‍മാരായ 4 പേര്‍ ഒളിവിലാണ്. 2 പേര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ജ്വല്ലറി തട്ടിപ്പിന് കൂട്ട് നിന്നവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗോള്‍ഡ് പാലസിന്റെ മൂന്ന് ജ്വല്ലറികളും പൂട്ടി സീല്‍വെച്ചു.
പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ജ്വല്ലറി വലിയ വാഗ്ദാനങ്ങള്‍ നല്‍കി ഒട്ടേറെപേരില്‍ നിന്ന് പണമായും സ്വര്‍ണമായും നിക്ഷേപം സ്വീകരിച്ചെന്നാണ് പരാതി.
മാസം തോറും നിക്ഷേപിക്കുന്ന രീതിയിലും പലരില്‍ നിന്നും പണം വാങ്ങി. ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. കുറച്ചുദിവസമായി ജ്വല്ലറി അടഞ്ഞുകിടക്കുന്നത് കണ്ടതോടെ സംശയം തോന്നിയ നിക്ഷേപകര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കുറ്റ്യാടി, പയ്യോളി, നാദാപുരം സ്റ്റേഷനുകളിലായി ഇരുന്നൂറിന് മുകളില്‍ പരാതികളാണ് ലഭിച്ചത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസ് സ്റ്റേഷനില്‍ എത്തി കേസിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി.