ഗൂഗ്ള്‍ മാപ്പ് ‘പണികൊടുത്തു’; വെള്ളച്ചാട്ടം കാണാന്‍ പോയ യുവാക്കള്‍ വനമേഖലയില്‍ വഴി അറിയാതെ അകപ്പെട്ടത് രണ്ട് മണിക്കൂറിലധികം


കടയ്ക്കല്‍: ഗൂഗ്ള്‍ മാപ്പ് നോക്കി കന്യാര്‍കയം വെള്ളച്ചാട്ടം കാണാനെത്തി വനമേഖലയില്‍ അകപ്പെട്ട യുവാക്കളെ അഗ്‌നിശമനസേന രക്ഷിച്ചു. ഓയില്‍പാം എസ്‌റ്റേറ്റും അഞ്ചല്‍ വനമേഖലയും അതിര്‍ത്തി പങ്കിടുന്ന കന്യാര്‍കയത്ത് രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്താനായത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്റെ
ചിതറ എണ്ണപ്പന തോട്ടത്തിലെ ഇത്തിക്കര ആറ്റില്‍ കന്യാര്‍കയം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനാണ് വര്‍ക്കല സ്വദേശികളായ വിശാഖ് (30), പ്രമോദ് (29), നിതിന്‍ (28) എന്നിവര്‍ കാറിലെത്തിയത്. ഗൂഗ്ള്‍ മാപ്പിന്റെ സഹായത്തോടെ വൈകീട്ട് എത്തിയ യുവാക്കള്‍ എണ്ണപ്പന തോട്ടത്തില്‍ കുടുങ്ങുകയായിരുന്നു.

ഇതിനിടെ കാര്‍ കുഴിയില്‍ അകപ്പെടുകയും ചെയ്തു. ഏക്കര്‍ കണക്കിനുള്ള എണ്ണപ്പന തോട്ടത്തില്‍ വന്യമൃഗശല്യമുള്ള പ്രദേശത്ത് പെട്ടുപോയ യുവാക്കള്‍ മടങ്ങാനാകാതെ കുടുങ്ങി. പ്രദേശത്ത് മൊബൈല്‍ റേഞ്ചും പരിമിതമാണ്. യുവാക്കള്‍ കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും വിതുര പൊലീസില്‍ അറിയിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് വിതുര പൊലീസില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ വിവരം കടയ്ക്കല്‍ അഗ്‌നിരക്ഷാനിലയത്തിലറിയിച്ചു.

സ്‌റ്റേഷന്‍ ഓഫിസര്‍ ടി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഓഫിസര്‍മാരായ ജി.അരുണ്‍ലാല്‍, ബി.സനില്‍, എ.അനീഷ് കുമാര്‍, എസ്.സൈഫുദ്ദീന്‍, എസ്.ദീപക് എന്നിവരും പ്രദേശവാസികളും ഉള്‍പ്പെട്ട സംഘം രാത്രി എട്ടോടെ സ്ഥലത്തെത്തി. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാനാകാത്തതിനാല്‍ എസ്‌റ്റേറ്റില്‍ രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്തിയത്.