ഗുരുവിനെ ചേർത്ത് പിടിച്ച ഇടതുപക്ഷം; പ്രചാരണം തുടർന്ന് കാനത്തിൽ ജമീല


എ സജീവ്കുമാർ

കൊയിലാണ്ടി: പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മരണം ഉണർത്തിയ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലാണ് കാനത്തിൽ ജമീലയുടെ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്. എൽഡിഎഫ് 1996 ൽ സംസ്ഥാന ഭരണത്തിലെത്തിയപ്പോഴാണ് ഗുരു ചേമഞ്ചേരിക്കും അദ്ദേഹത്തിൻ്റെ കഥകളി വിദ്യാലയത്തിനും ആദ്യമായ സർക്കാർ തലത്തിൽ അംഗീകാരം ലഭിച്ചത്. ടികെ രാമകൃഷ്ണൻ സാംസ്ക്കാരിക മന്ത്രി എന്ന നിലയിൽ അനുവദിച്ച പത്തു ലക്ഷം രൂപ.

കൊയിലാണ്ടി മണ്ഡലത്തിൽ എൽഡിഎഫ് എംഎൽഎ ആദ്യമായുണ്ടായതിൻ്റെ ഗുണം കൂടിയായിരുന്നു. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരുകളെല്ലാം ഗുരുവിന് അംഗീകാരം നൽകിയപ്പോൾ അത് ഗുരുവിൻ്റെ മനസ്സിൽ നിറഞ്ഞു നിന്നു. രാവിലെ അതികാലത്ത് കടലിൽ പോകുന്ന തൊഴിലാളികളെ കണ്ട് അവരോട് സംസാരിക്കുന്നതിനിടയിലാണ് ഗുരുവിൻ്റെ മരണവിവരം എത്തുന്നത്. ഗുരുവിന് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് സ്ഥാനാർത്ഥിയുടെ തുടർപര്യടനം തുടർന്നത്.

നെസ്റ്റ് പാലിയേറ്റീവ് സെൻ്ററിലെ കുട്ടികളേയും അന്തേവാസികളേയും കണ്ടാണ് പര്യടനം ആരംഭിച്ചത് തുടർന്ന് ബസ്റ്റാൻ്റ്, താലൂക്കാശുപത്രി, കോടതി, സിവിൽ സ്റ്റേഷൻ, വിവിധ കോളേജുകൾ, തുടങ്ങി നിരവധി സ്ഥാപനങ്ങൾ സന്ദർശിച്ചതിനു ശേഷം പാതിരിക്കാട് നാല് സെൻറ് കോളനിയിലെത്തി.

പുളിയഞ്ചേരി, ആനക്കുളം, പിഷാരികാവ്, മുണ്യാടിത്താഴെ തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ടതിനു ശേഷം വിവിധ കൻവൻഷനുകളിൽ പങ്കെടുത്തതിനു ശേഷമാണ് പര്യടനം അവസാനിപ്പിച്ചത്. ടികെ ചന്ദ്രൻ, കെപി സുധ, കെ സത്യൻ, കെ ബിജു, കെ ടി സിജേഷ്, പികെ ഭരതൻ, എൻകെ ഭാസ്ക്കരൻ, എൽജി ലിജീഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.