ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതുകാരനടക്കം രണ്ട് പേര്‍ രോഗമുക്തരായി; 216 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി, ഭീതിയൊഴിഞ്ഞ് കോഴിക്കോട്


കോഴിക്കോട്: ആശങ്കയുടെ ദിനങ്ങള്‍ക്ക് ഒടുവില്‍ അറുതിയായി. നിപ വൈറസ് ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ഭീതിയൊഴിഞ്ഞു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒമ്പതുകാരനുള്‍പ്പെടെ രണ്ട് പേര്‍ രോഗമുക്തരായെന്നതാണ് ഒടുവിലെത്തുന്ന സന്തോഷവാര്‍ത്ത.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒമ്പതുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. ആദ്യം നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് ഇത്. ഭാര്യാസഹോദരനാണ് രോഗമുക്തനായ രണ്ടാമത്തെയാള്‍.

ഇരുവരും വെള്ളിയാഴ്ച തന്നെ ആശുപത്രി വിടും. എന്നാല്‍ രണ്ടുപേരും രണ്ടാഴ്ച കാലം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എത്താനുള്ള ഒരു പരിശോധനാഫലം കൂടി എത്തിയ ശേഷമാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക.

അതേസമയം നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 216 പേരെ കൂട പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 649 പേരാണ്. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റീവ് ആണ്. കോൾ സെന്ററിൽ നാല് ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,390 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.