ഗുഡ്‌സ് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു മേപ്പയൂര്‍ സെക്ഷന്‍ സമ്മേളനം


മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും ശക്തമായ തൊഴിലാളി പ്രക്ഷോഭം അനിവാര്യമാണെന്ന് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ പറഞ്ഞു. ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു മേപ്പയൂര്‍ സെക്ഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുഡ്‌സ് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേപ്പയൂരില്‍ സിപി സജീവന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്ഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്ഷന്‍ സെക്രട്ടറി കെ കെ വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കെ രാജീവന്‍, പിപി രാധാകൃഷ്ണന്‍,സിഐടിയു ജില്ലാ കമ്മിറ്റി അംഗം എന്‍ എം കുഞ്ഞിക്കണ്ണന്‍,യൂണിയന്‍ ഏരിയ സെക്രട്ടറി ജയേഷ് മുതുകാട്, പ്രസിഡണ്ട് അശോകന്‍, സിഐടിയു പഞ്ചായത്ത് സെക്രട്ടറി വി.ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.കെ ഗോപി സ്വാഗതം പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളികളുടെ ഉന്നത വിജയം നേടിയ മക്കളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ മഹാ സമര്‍പ്പണം നടത്തി.

സമ്മേളനത്തില്‍ പഞ്ചായത്ത് സെക്രട്ടറിയായി കെ.കെ വിനോദനെയും പ്രസിഡന്റായി ഇ.കെ ഗോപിയും ട്രഷററായി അജിത്ത് വള്ളിലിനെയും തെരഞ്ഞെടുത്തു.