ഗര്‍ഭിണികളില്‍ കോവിഡ് കൂടുതല്‍ മരണമുണ്ടാക്കുന്നു; വാക്സിനെടുക്കാന്‍ മടിക്കരുതെന്ന് വിദഗ്ധര്‍
കൊച്ചി: കോവിഡ് ബാധിച്ച ഗർഭിണികളിൽ മരണസാധ്യത 17 മടങ്ങ് ഏറെയെന്ന് പഠന റിപ്പോർട്ട്. ഗർഭിണികൾ വാക്സീൻ എടുക്കാൻ മടിച്ചു നിൽക്കരുതെന്നു വിദഗ്ധർ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റേതാണു (ഐസിഎംആർ) റിപ്പോർട്ട്. ഇന്ത്യയിലാകെ ഗർഭിണികളിലെ മരണനിരത്ത് ആയിരത്തിൽ ഒന്ന് എന്ന കണക്കിലാണ്. കേരളത്തിൽ 2380ൽ ഒന്ന് എന്നാണു ശരാശരി മരണനിരക്ക്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പക്ഷേ കോവിഡ് ബാധിതരിൽ മരണനിരക്ക് 17 മടങ്ങു വർധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.
ഇതൊരു മുന്നറിയിപ്പാണെന്ന് ഡോ. രാജീവ് ജയദേവൻ പറയുന്നു ‘‘വാക്സീൻ കോവിഡ് മരണങ്ങൾ തടയുന്നുണ്ട്. പക്ഷേ വാക്സീൻ നിരസിക്കുന്ന പ്രവണത ഇനിയും മാറിയിട്ടില്ല. 60 വയസ്സിനു മുകളിലുള്ളവരും ഗർഭിണികളും 2 ഡോസ് വാക്സീൻ നിർബന്ധമായും എടുത്തിരിക്കണം. എന്നാൽ വാക്സീൻ കൊണ്ട് എല്ലാം മാറും എന്നു കരുതാനും പാടില്ല. ആൾക്കൂട്ടം ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത തുടരണം.’’
30നു മുകളിലുള്ള, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭിണികൾ ‘റിസ്ക്’ വിഭാഗത്തിൽപ്പെടുന്നു. അവർക്കു കോവിഡ് ബാധിച്ചാൽ സ്ഥിതി മോശമാകാൻ സാധ്യതയുണ്ട്. അനീമിയ, ടിബി, ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ എന്നിവയുള്ളവർ അതീവ ജാഗ്രതപാലിക്കണം, 2 ഡോസ് വാക്സീനും എടുക്കണം. കേരളത്തിലെ പഠനം സംബന്ധിച്ചു റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ലെങ്കിൽപ്പോലും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ നമുക്കുള്ള ചൂണ്ടുപലകയാണെന്നും ഡോ. രാജീവ് ജയദേവൻ പറയുന്നു.
നവജാതശിശു മരണത്തിനും ഗർഭിണികളുടെ മരണത്തിനും കോവിഡ് കാരണമായെന്നു മഹാരാഷ്ട്രയിലെ പഠനങ്ങൾ തെളിയിക്കുന്നു. കോവിഡ് ബാധിച്ച ഗർഭിണികളിൽ 96 ശതമാനത്തിനും തീവ്രപരിചരണം വേണ്ടിവന്നു. കോവിഡ് അനുബന്ധ പ്രശ്നങ്ങൾതന്നെയായിരുന്നു കാരണം. പുണെ, മറാത്ത്വാഡ, വിദർഭ, മുംബൈ നഗരമേഖല, ഖന്ദേശ് എന്നിവടങ്ങളിലെ രോഗികളിലായിരുന്നു പഠനം. കോവിഡ് ബാധിക്കാത്ത ഗർഭിണികളിൽ 3.8 ശതമാനത്തിനു മാത്രമേ തീവ്രപരിചരണം വേണ്ടിവന്നുള്ളൂ. വാക്സീൻ ഗർഭിണികളെ പ്രതികൂലമായി ബാധിക്കില്ലെന്നു ഡോക്ടർമാർ പറയുന്നു. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.