ഖത്തറില്‍ വാഹനാപകടം: മണിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു


കോഴിക്കോട്​: ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്​കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ്​ പ്രസിഡന്‍റുമായ കോഴിക്കോട്​ മണിയൂര്‍ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മിസ്ഹബ് അബ്ദുല്‍ സലാമാണു മരിച്ചത്. പതിനൊന്ന് വയസ്സാണ്.

ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്​ച വൈകീ​ട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉള്‍പ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാര്‍ ദുഖാനില്‍ നിന്നും ദോഹയി​ലേക്ക്​ യാത്രചെയ്യവെ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തില്‍ പുറത്തേക്ക്​ തെറിച്ച മിസ്​ഹബിന്​ ഗുരുതരമായി പരിക്കേറ്റു. എയര്‍ ആംബുലന്‍സില്‍ ഉടന്‍ ഹമദ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ്​ മരണകാരണമായത്​. അപകടത്തില്‍ മറ്റുള്ളവരുടെ പരിക്ക്​ സാരമുള്ളതല്ല. ഒരാള്‍ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.

ദുഖാന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിസ്​ഹബ്​. മാതാവ്: ആബിദ. സഹോദരങ്ങള്‍: സന, ദില്‍ന, മുഹമ്മദ്, ഫാത്തിമ, മഹദ്​. വെള്ളിയാഴ്​ച വൈകീ​ട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.