ക്ഷേമ പെൻഷൻ വീണ്ടും വർദ്ധിപ്പിച്ച് ഇടത് സർക്കാർ


തിരുവനന്തപുരം: എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ നൂറു ദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.

ഒന്നാം ഘട്ടത്തില്‍ 162 പരിപാടികള്‍ പൂര്‍ത്തീകരിച്ചു. പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്ന പദ്ധതികള്‍ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും.

രണ്ടാം ഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. 2021 ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്‍ഷനുകള്‍ നൂറു രൂപ വീതം വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുളള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി വിതരണം ചെയ്യും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31-ന് മുമ്പ് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക