ക്ഷീര കർഷകരെ സഹായിച്ച് കീഴരിയൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ; ഒഴുക്കിക്കളയേണ്ടി വരുമായിരുന്ന പാല് ശേഖരിച്ച് വിതരണം ചെയ്തു
കൊയിലാണ്ടി: ലോക് ഡൗണിൽ പ്രതിസന്ധി നേരിട്ട ക്ഷീരകർഷകരെ സഹായിച്ച് ഡി.വൈ.എഫ്.ഐ. കീഴരിയൂർ സൗത്ത് മേഖല യൂത്ത് ബ്രിഗേഡ്. ഇവരുടെ നേതൃത്വത്തിൽ നമ്പ്രത്ത്കര സൊസൈറ്റിയിൽ നിന്ന് പാൽ ശേഖരിച്ചു വീടുകളിൽ വിതരണം നടത്തുകയാണ്.
ലോക്ഡൗൺ നിയന്ത്രണത്തെ തുടർന്ന് പാലിന്റെ ശേഖരണവും വിൽപ്പനയും കുറഞ്ഞ സാഹചര്യത്തിൽ ക്ഷീര മേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന നിരവധി ക്ഷീര കർഷകർ വലിയ പ്രയാസത്തിലായിരുന്നു.
പ്രാദേശിക പ്രവർത്തകരിലൂടെ ആവശ്യക്കാരെ കണ്ടെത്തിക്കൊണ്ടാണ് പാൽ വിതരണം നടത്തിവരുന്നത്. ഒഴുക്കി കളയേണ്ടിവരുമെന്ന ആശങ്കയിൽ നിന്നും വിൽപ്പന നടക്കുന്ന സന്തോഷത്തിലാണ് കർഷകർ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, കർഷകരുടെ മനസ്സറിഞ്ഞ് ആശ്വാസം പകരുന്ന പ്രവർത്തനമാണ് ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ നടക്കുന്നത്.