ക്വിറ്റിന്ത്യാസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിച്ച കീഴരിയൂര്‍ സ്‌ഫോടനത്തിന് 79 വയസ്സ്; ആ ചരിത്രസ്മൃതികളിലൂടെ…
മേപ്പയ്യൂര്‍: ക്വിറ്റിന്ത്യാസമരകാലത്ത് ബ്രിട്ടീഷ് പട്ടാളത്തെ ഞെട്ടിച്ച കേരളത്തിലെ ഏറ്റവും സ്‌തോഭജനകമായ പ്രക്ഷോഭമാണ് കീഴരിയൂര്‍ ബോംബ് സ്‌ഫോടനങ്ങള്‍. ആ ചരിത്രസ്മൃതികള്‍ക്ക് ഇന്ന് 79 ആണ്ട് തികയുകയാണ്. 1942 നവംബര്‍ 17-നാണ് കീഴരിയൂരിനെ രാജ്യശ്രദ്ധയിലേക്കെത്തിച്ച ബോംബ് സ്‌ഫോടനം നടന്നത്.
1942 ഓഗസ്റ്റ് എട്ടിന് മുംബൈ കോണ്‍ഗ്രസ് സമ്മേളനം ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയതോടെ ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളെല്ലാം ജയിലിലായി. ഇതേത്തുടര്‍ന്നുണ്ടായ രോഷാഗ്‌നിയാണ് വേറിട്ടപ്രതിഷേധത്തിന് കാരണമായത്. ഗാന്ധിജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ സോഷ്യലിസ്റ്റ് ഡോ. കെ.ബി. മേനോനായിരുന്നു പ്രക്ഷോഭത്തിന്റെ ബുദ്ധികേന്ദ്രം.
മേനോനും കൂട്ടാളികളും കോഴിക്കോട് ചാലപ്പുറത്തെ വേര്‍ക്കോട്ട് രാഘവക്കുറിപ്പിന്റെ വീട്ടില്‍ചേര്‍ന്ന രഹസ്യയോഗത്തിലാണ് ബോംബ് സ്‌ഫോടനങ്ങളുടെ ആസൂത്രണം നടന്നത്. യോഗത്തില്‍ നവംബര്‍ ഒമ്പത് വിധ്വംസക ദിനമായി പ്രഖ്യാപിച്ചു. ആളപായമില്ലാതെ ഒരേസമയം വിവിധയിടങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തിക്കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിക്കാനായിരുന്നു പദ്ധതി. അതിനായി ബോംബ് നിര്‍മ്മിക്കണം. അതിന് കീഴരിയൂര്‍ ഗ്രാമത്തെ തെരഞ്ഞെടുത്തു. കുന്തങ്കല്ലുള്ളതില്‍ വീട്ടിലായിരുന്നു ബോംബ് നിര്‍മാണം. കുറുമയില്‍ നാരായണന് ഇതിന്റെ ചുമതല നല്‍കുകയും ചെയ്തു. നവംബര്‍ ഒന്‍പതിന് ബോംബ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതോടെ സ്‌ഫോടനം നവംബര്‍ 17ലേക്ക് മാറ്റി. ബോംബ് നിര്‍മാണം പൂര്‍ത്തിയായതോടെ കൊടുംകാടായിരുന്ന മാവട്ട് മലയില്‍ പരീക്ഷണവും നടത്തി.
എല്ലായിടത്തും സ്‌ഫോടനം നടത്താനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും പതിനൊന്നിടത്ത് സ്‌ഫോടനം നടന്നു. പാട്യം വില്ലേജ് ഓഫീസ്, കീഴ്ത്തള്ളി വില്ലേജ് ഓഫീസ്, കോഴിക്കോട് മദ്രാസ് ഗവര്‍ണര്‍ പ്രസംഗിക്കുന്ന പന്തല്‍, കല്ലായി റെയില്‍വേ സ്റ്റേഷന്‍, കല്ലായി ടിമ്പര്‍ കേന്ദ്രം, മലാപ്പറമ്പ് ഗോള്‍ഫ് ക്ലബ്ബ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളേജ് ലാബ്, മുക്കാളി മത്സ്യ ഉണക്കുകേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒരേസമയത്ത് സ്‌ഫോടനമുണ്ടായി. അതോടെ ബ്രീട്ടീഷ് സര്‍ക്കാറിന് ഹാലിളകി. പൊലീസ് കലിതുള്ളി. സ്‌ഫോടനത്തിന്റെ ആസൂത്രകരുടെ കുടുംബാംഗങ്ങള്‍പോലും ആക്രമിക്കപ്പെട്ടു. 32 പ്രതികളില്‍ 27 പേര്‍ അറസ്റ്റിലായി.
കെ.ബി. മേനോന്‍, സി.പി. ശങ്കരന്‍ നായര്‍, വി.എ. കേശവന്‍ നായര്‍, ഡി. ജയദേവറാവു, ഒ. രാഘവന്‍ നായര്‍, കാര്യാല്‍ അച്യുതന്‍, ഇ. വാസുദേവന്‍ നായര്‍, എന്‍.പി. അബു, കൊയപ്പള്ളി നാരായണന്‍ നായര്‍, കുറുമയില്‍ കേളുക്കുട്ടി, ടി. പാച്ചര്‍, കുറുമയില്‍ നാരായണന്‍, കെ. കുഞ്ഞിരാമന്‍, കെ.വി. ചാമു, എം.കെ. പ്രഭാകരന്‍, എ.കെ. മുഹമ്മദ് നഹ, പി. മമ്മൂട്ടി, പി. അബ്ദുല്ലക്കോയ തങ്ങള്‍, വള്ളിയില്‍ ശങ്കരന്‍കുട്ടി, വി. അച്യുതന്‍ വൈദ്യര്‍, കെ. ഗോപാലന്‍ നായര്‍, സി.കെ. ദാമോദരന്‍ നായര്‍, കെ.ടി. അലവി, സി. ചോയുണ്ണി, എന്‍.എ. കൃഷ്ണന്‍ നായര്‍, എം.എ. ഉണ്ണിക്കുട്ടി, കുനിയില്‍ കുഞ്ഞിരാമന്‍ എന്നിവരായിരുന്നു പ്രതികള്‍. ഒരുവര്‍ഷം നീണ്ട വിചാരണയുടെ അവസാനം ഇതില്‍ 12 പേര്‍ക്ക് ഏഴുകൊല്ലവും കൊയപ്പള്ളി നാരായണന്‍ നായര്‍ക്ക് 10 വര്‍ഷവും കഠിനതടവുമായിരുന്നു ശിക്ഷ. സെഷന്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ക്ക് ഹൈക്കോടതി പത്തുവര്‍ഷവും ബാക്കിയുള്ളവര്‍ക്ക് കീഴ്‌ക്കോടതിയുടെ വിധി ശരിവെയ്ക്കുകയും ചെയ്യുകയായിരുന്നു.
കീഴരിയൂര്‍ ബോംബ് കേസിന്റെ ചരിത്രം പുതുതലമുറയിലേക്ക് എത്തിക്കാന്‍ കീഴരിയൂരില്‍ ചരിത്ര ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഈ ചിത്രങ്ങള്‍ കോഴിക്കോട്് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുത്തത് കീഴരിയൂര്‍ ബോംബ് സ്‌ഫോടനങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.