ക്വാറിയില്‍ നിന്നുള്ള ലോറികളുടെ സഞ്ചാരം, തലയാട്-വയലട റോഡ് തകര്‍ച്ചയിലേക്ക്; നടപടി വേണമെന്ന് നാട്ടുകാര്‍


ബാലുശ്ശേരി: ക്വാറിയില്‍ നിന്നുള്ള ടിപ്പറുകളുടെ നിരന്തര യാത്ര കാരണം തലയാട്-വയലട റോഡ് തകര്‍ച്ചയിലേക്ക്. വയലട ക്വാറിയില്‍നിന്ന് കല്ല് കയറ്റി നിരവധി ലോറികളാണ് ദിവസവും വയലട-തലയാട് റോഡിലൂടെ കടന്നുപോകുന്നത്.

അമിതഭാരം കയറ്റി പോകുന്ന ലോറികളുടെ സഞ്ചാരം കാരണം റോഡിലെ രണ്ടു കലുങ്കുകള്‍ ഒരു മാസം മുമ്പാണ് തകര്‍ന്നത്. മണിച്ചേരി അംഗന്‍വാടിക്ക് അടുത്തുള്ള മൂന്നാമത്തെ കലുങ്കും ഇപ്പോള്‍ അപകടാവസ്ഥയിലാണ്. മണിച്ചേരി ഭാഗത്ത് റോഡോരത്തെ കരിങ്കല്‍കെട്ടുകളും ഇടിഞ്ഞുതാഴ്ന്നു.

മണിച്ചേരി ഭാഗത്ത് തകര്‍ന്ന കലുങ്ക് പുതുക്കിപ്പണിയാന്‍ 40 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി അനുവദിച്ചിരുന്നു. കലുങ്കിന്റെ പ്രവൃത്തി നടന്നുവരുകയാണ്. ക്വാറിയില്‍നിന്നുള്ള ലോറികളുടെ വരവ് അവസാനിക്കാതെ റോഡ് നവീകരിച്ചിട്ട് കാര്യമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിച്ചുവരുന്ന വയലട മുള്ളന്‍ പാറയിലേക്ക് നിരവധി സഞ്ചാരികളാണ് വാഹനത്തിലെത്തുന്നത്. സഞ്ചാരികള്‍ക്ക് റോഡിന്റെ ശോച്യാവസ്ഥ കാരണം പലപ്പോഴും മടങ്ങിപ്പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

പ്രദേശവാസികള്‍ ക്വാറിക്കെതിരെ പലവട്ടം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും അധികൃതര്‍ക്ക് ഒരു ഇളക്കവും ഉണ്ടായിട്ടില്ല. കാവുംപുറം ഭാഗങ്ങളില്‍ വലിയ കെട്ട് തകര്‍ന്ന് റോഡ് അപകടഭീഷണിയിലാണ്. ഓവുചാല്‍ നിര്‍മിച്ച് റോഡ് പൂര്‍ണമായും പുതുക്കിപ്പണിയുകയും ക്വാറിയില്‍നിന്ന് അമിതഭാരം കയറ്റി വരുന്ന ടിപ്പര്‍ ലോറികള്‍ തടയുകയും ചെയ്താല്‍ മാത്രമേ ഈ മലയോര റോഡ് സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.