ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേഷനെന്ന പേരില്‍ വ്യാജേന കോള്‍, എലത്തുര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും 2.23 ലക്ഷം രൂപ നഷ്ടപ്പെട്ടു; ശ്രദ്ധിക്കുക വ്യാജന്മാര്‍ ചുറ്റുമുണ്ട്


കോഴിക്കോട്: ക്രെഡിറ്റ് കാർഡ് ആക്ടിവേഷനെന്ന വ്യാജേന ഫോണിൽ വിളിച്ചയാൾ 2.23 ലക്ഷം രൂപ തട്ടിയതായി പരാതി. എലത്തൂർ സ്വദേശിക്കാണു കഴിഞ്ഞ ദിവസം ക്രെഡിറ്റ് കാർഡ് ആക്ടിവേഷനെന്ന വ്യാജേന ഫോൺകോൾ ലഭിച്ചത്. ഫോണിൽ വിളിച്ചവർ അയച്ചു നൽകിയ ലിങ്കിൽ കയറി ആക്ടിവേഷനു ശ്രമിച്ചതോടെ ഇദ്ദേഹത്തിന്റെ ഫോണിന്റെ നിയന്ത്രണം മറ്റൊരാളിലേക്കായി. ഇതിനിടെ 4 തവണ ഒടിപി വന്നു. ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫോൺ ഉടമയ്ക്കു സാധിച്ചില്ല.

4 തവണയായി 2.23970 രൂപ നഷ്ടപ്പെട്ടു. സ്റ്റേറ്റ് ബാങ്കിന്റെ ഒറിജിനലെന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു വെബ്സൈറ്റ് ഉണ്ടായിരുന്നതെന്നു പരാതിക്കാരൻ പറയുന്നു. ഇതിൽ കയറി ക്രെഡിറ്റ് കാർഡിന്റെ നമ്പർ നൽകി. ഇതോടെ പണം തുടരെ നഷ്ടമാകാൻ തുടങ്ങി. ബാങ്കിൽ വിളിച്ചു പരാതി നൽകിയതോടെ കാർഡ് ബ്ലോക്ക് ചെയ്തു. അപ്പോഴേക്കും പണം മുഴുവൻ കവർന്നു.

2.25 ലക്ഷം രൂപയാണു ക്രെഡിറ്റ് ലിമിറ്റ് ഉണ്ടായിരുന്നത്. ഇതിൽ 1,030 രൂപ മാത്രമാണു ബാക്കിയുള്ളത്. പരാതിക്കാരന്റെ റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നൽകിയ ഒടിപി എങ്ങനെ മറ്റൊരാൾ ഉപയോഗിച്ചുവെന്നാണു ബാങ്ക് ചോദിക്കുന്നത്. എന്നാൽ, മൊബൈലിന്റെ പൂർണ നിയന്ത്രണം അൽപസമയം മറ്റൊരാൾ ആപ് വഴി ചെയ്തെന്നാണു പരാതിക്കാരൻ പറയുന്നത്. സിറ്റി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.