ക്യാമറകള്‍ നോക്കുകുത്തികള്‍; പേരാമ്പ്ര ചേനോളി റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു


പേരാമ്പ്ര: ചേനോളി റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. പള്ളിയുടെ ഗേറ്റിനുസമീപം റോഡരികിലാണ് സ്ഥിരമായി ചാക്കില്‍കെട്ടിയും അല്ലാതെയും മാലിന്യം നിക്ഷേപിക്കുന്നത്. മഴയത്ത് മാലിന്യം സമീപ ഭാഗത്തേക്കെല്ലാം ഒലിച്ചിറങ്ങുന്നുമുണ്ട്. തെരുവുനായ്ക്കള്‍ മാലിന്യം കടിച്ചുവലിക്കുന്നതും മറ്റൊരുപ്രശ്‌നമാണ്. ദുര്‍ഗന്ധംകാരണം സമീപത്തെ കടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ ലക്ഷ്യമിട്ട് നഗരത്തില്‍ വിവിധയിടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി നേരത്തെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് പ്രവര്‍ത്തിക്കാത്തതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കാതായി. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ പഞ്ചായത്ത് കൈക്കോള്ളണം. അതോടൊപ്പം പൊതുസ്ഥലത്ത് മാലിന്യമിടുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം.