കോവിഡ് വന്നയാൾ ഒറ്റ ഡോസ് കോവാക്സിൻ എടുക്കുന്നത് രണ്ട് ഡോസിന് തുല്യമെന്ന് ഐസിഎംആർ പഠനം
ന്യൂഡല്‍ഹി: നേരത്തെ കോവിഡ് ബാധിതരായ ശേഷം കോവാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന് ഐ.സി.എം.ആര്‍ പഠനം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കോവിഡ് നേരത്തെ ബാധിച്ച ശേഷം കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുന്നവര്‍ക്ക് കോവാക്സിന്‍ രണ്ട് ഡോസ് എടുത്തവരുടെ (ഇതുവരെ രോഗബാധിതരാവാത്തവര്‍) സമാന പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് ഐ.സി.എം.ആര്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പഠനങ്ങളില്‍ ആന്റിബോഡിയുടെ അളവ് മൂന്ന് ഘട്ടങ്ങളിലാണ് പരിശോധിക്കപ്പെട്ടത്. വാക്സിനെടുത്ത ദിവസം, ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള ഒരു മാസം, ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള രണ്ടാം മാസം എന്നീ ഘട്ടങ്ങളിലാണ് ആന്റിബോഡിയുടെ അളവുകള്‍ രേഖപ്പെടുത്തിയത്.
“ഇത് ആദ്യഘട്ട പഠനം മാത്രമാണ്. വലിയൊരു ജനസംഖ്യയില്‍ ഈ പഠനം നടത്തി അനുകൂല ഫലം ലഭിക്കുകയാണെങ്കില്‍ നേരത്തെ കോവിഡ് ബാധിതരായവര്‍ക്ക് കോവാക്‌സിന്റെ ഒരു ഡോസ് മതിയെന്ന നിര്‍ദേശം നല്‍കാനാവും”, ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞനും മീഡിയ കോ-ഓര്‍ഡിനേറ്ററുമായ ലോകേഷ് ശര്‍മ്മ പറഞ്ഞു. ഇത് വാക്സിന്‍ ക്ഷാമത്തിന് ഒരു പരിധി വരെ ശമനമേകുമെന്നും അദ്ദേഹം വിലയിരുത്തി.