കോവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയര്‍’ ക്യാമ്പയിന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നല്കി പ്രകാശനം ചെയ്തു.
സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ കാമ്പയിന് കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാലവും നമുക്ക് ലോക് ഡൗണിലേക്ക് പോകാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.
മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷന് ഊര്‍ജ്ജിതമാക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കേരളം ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗബാധ വരാതെ വളരെയേറെ പേരെ സംരക്ഷിക്കാനായിട്ടുണ്ട്. വാക്സിന് ലഭിക്കുന്ന മുറയ്ക്ക് അതിവേഗം വാക്സിനേഷന് നല്കി എല്ലാവരേയും സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്.
സോപ്പ്, മാസ്ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്റൈന് പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക എന്നിവയ്ക്കും ഈ ക്യാമ്പയിന് ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പത്ര, ദൃശ്യ, ശ്രാവ്യ, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും കോവിഡിനെതിരായ പോരാട്ടത്തില്‍ ഓരോ പൗരന്റെയും പ്രാധാന്യത്തെയും ചുമതലയെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തും. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമുക്കോരോരുത്തര്‍ക്കും നിസ്വാര്‍ത്ഥരായ പോരാളികളാകാം.