കോവിഡ് പ്രതിരോധം: കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക കേന്ദ്ര സംഘങ്ങള്‍


ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്.

കേരളം, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡോക്ടര്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിങ്ങനെ രണ്ടംഗങ്ങളടങ്ങുന്ന ഉന്നതതല സംഘമാണ് ഓരോ സംസ്ഥാനങ്ങളിലേയ്ക്കും നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ ഉടന്‍ തന്നെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന കോവിഡ് പ്രതിരോധ നടപടികള്‍, പരിശോധന, നിരീക്ഷണം, നിയന്ത്രണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സംഘം നിരീക്ഷണം നടത്തും.

ആശുപത്രികളിലെ കിടക്കകള്‍, ആംബുലന്‍സ്, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ തുടങ്ങിയവയുടെ ലഭ്യത, വാക്‌സിനേഷന്‍ തുടങ്ങിയവ സംബന്ധിച്ചും സംഘം വിലയിരുത്തലുകള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.