കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം, കരുതലിന്റെ മുഖം: ഒടുവിൽ ബാലരാമപുരത്തെ ആർ.ആർ.ടി വളണ്ടിയർ എസ്.ആർ ആശ കോവിഡ് ബാധിച്ച് മരണത്തിലേക്ക് മടങ്ങി: രോഗബാധിതരെ ചേർത്തുപിടിച്ച കൈകളിനി ചലിക്കില്ല, കണ്ണീരണിഞ്ഞ് നാട്
ബാലരാമപുരം: കൊവിഡിന്റെ ആദ്യഘട്ടംമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളിയായിരുന്ന ബാലരാമപുരം പഞ്ചായത്തിലെ ആര്‍.ആര്‍.ടി വളണ്ടിയര്‍ എസ്.ആര്‍ ആശ കൊവിഡ് ബാധിച്ചു മരിച്ചു. ഇരുപത്തിയാറ് വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ അണുവിമുക്തമാക്കാന്‍ നേതൃത്വം നല്‍കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്ന ആശയുടെ ആകസ്മിക വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിന് പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെയ്യാറ്റികര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ യാത്രാമധ്യേ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.
റസല്‍പുരം തലയല്‍ വില്ലിക്കുളം മേലേ തട്ട് പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍, -ശൈലജ ദമ്പതികളുടെ മകളാണ്. അജേഷ്, ആര്‍ഷ എന്നിവര്‍ സഹോദരങ്ങള്‍. പാറശാല സ്വകാര്യ ലോ കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. ഡിവൈഎഫ്ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും എസ്എഫ്ഐ ലോക്കല്‍ വൈസ് പ്രസിഡന്റുമായിരുന്നു ആശ. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.