കോവിഡ് പരിശോധനാ ഫലം വൈകുന്നു; നിരവധി പേര്‍ ദുരിതത്തില്‍


കൊയിലാണ്ടി: കോവിഡ് പരിശോധനാഫലം ദിവസങ്ങളോളം വൈകുന്നത് തിരിച്ചടിയാകുന്നു. കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെടെ 19-ന് ശേഷം നടന്ന പരിശോധനകളുടെ ഫലം ഇത് വരെ വന്നിട്ടില്ല. ക്യാമ്പുകളിലും ആശുപത്രികളിലുമായി നൂറുകണക്കിന് ആളുകള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. ഇവയുടെ ഫലമാണ് വരേണ്ടത്. ലാബുകളുടെ ശേഷികൂട്ടാതെ പരിശോധനമാത്രം കൂട്ടിയതിനെത്തുടര്‍ന്നാണ് ഫലം വൈകുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍
ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണമെന്നതിനാല്‍ ഒട്ടേറെപ്പേരാണ് കുടുങ്ങിയത്.

കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെമ്പാടും ആയിരക്കണക്കിനാളുകളുടെ സ്രവം ശേഖരിച്ചിരുന്നു. എണ്ണം കൂടിയതോടെയാണ് നിശ്ചിത സമയ പരിധിക്കുള്ളില്‍ ഫലം കൊടുക്കാന്‍ കഴിയാത്തത്. നേരത്തെ രണ്ടുദിവസം കൊണ്ട് ആര്‍.ടി.പി.സി.ആര്‍ ഫലം വന്നിരുന്നു. ഫലം വൈകുന്നത് കോവിഡ് ബാധിതര്‍ക്കും ദോഷകരമാകുന്നുണ്ട്. പ്രായമായവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ളവര്‍ക്കെല്ലാം കൃത്യസമയത്ത് ചികിത്സ കിട്ടാനുള്ള സാഹചര്യമാണ് ഇല്ലാതാകുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.