കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയത് കര്‍ശന വ്യവസ്ഥകളോടെ; ഉപാധികള്‍ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് വരികയും 91 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കുകയും ചെയ്തസാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്‌സിനെടുത്തവരോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ആയവര്‍ക്കോ മാത്രമേ പുറത്തിറങ്ങാനാവൂവെന്ന നിയന്ത്രണം ഇനി മുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഉപാധികളോടെയാണ് അനുമതി. രണ്ടുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കേ ഇതിന് അനുമതിയുള്ളൂ. പതിനെട്ടു വയസിനു താഴെയുള്ളവരുടെ കാര്യത്തില്‍ ഈ ഉപാധി ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടങ്ങളിലെ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ ആകെ ശേഷിയുടെ 50ശതമാനം മാത്രമേ അനുവദിക്കാവൂ. അകലം പാലിച്ച് ഇരിപ്പിടമൊരുക്കണം. എ.സി സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇന്‍ഡോര്‍ സ്‌റ്റേഡിയം, നീന്തല്‍ക്കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങാനും അനുമതി നല്‍കി. രണ്ടുഡോസ് വാക്‌സിനെടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി രണ്ടുഡോസ് വാക്‌സിനെടുത്തവര്‍ക്കുവേണ്ടി തുറന്നുകൊടുക്കാമെന്നാണ് നിര്‍ദേശം. ഇവിടെയും പതിനെട്ടു വയസിന് താഴെയുള്ളവര്‍ക്ക് ഇളവുണ്ട്.