കോവിഡ് കാലത്ത് ജനങ്ങളെ ചേർത്ത് പിടിച്ച് പിഷാരികാവ് ദേവസ്വം; കോവിഡ് ബാധിതർക്ക് സൗജന്യ സേവനം നടത്താനായി രണ്ട് വാഹനം നാടിന് സമർപ്പിച്ചു


കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് ആധിയുടെ കഴിനിഴൽ പടർന്ന് നാട് പകച്ചു നിൽക്കുമ്പോൾ നൻമയുടെ പുതുദീപം തെളിയിക്കുകയാണ് കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം ഭരണ സമിതിയും ജീവനക്കാരും. പ്രദേശത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് യാത്രാസൗകര്യമൊരുക്കുകയാണ് ദേവസ്വം ബോർഡ്.

ദേവസ്വം ബോർഡിന്റെ രണ്ട് വാഹനങ്ങളാണ് ദേവസ്വം അധികാരികൾ കോവിഡ് പ്രതിരോധത്തിനായി തയ്യാറാക്കി നൽകിയിരിക്കുന്നത്.
പ്രവർത്തനങ്ങളുടെ ഓദ്യോഗിക ഉദ്ഘാടനം നിയുക്ത കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർമാരായ ടി.കെ.രാജേഷ്, തുന്നോത്ത് പ്രമോദ്, എ.പി.സുധീഷ്, എക്സികുട്ടിവ് ഓഫീസർ കെ.വേണു, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കള നടത്തി കൊണ്ട് രോഗികൾക്കും, ക്വാറന്റയിനിൽ കഴിയുന്നവർക്കും, അഗതികൾക്കും ഭക്ഷണമെത്തിച്ച് ജനങ്ങളോടൊപ്പം നിന്ന പിഷാരികാവ് ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ: 9846826268, 9605141815, 9946357480, 9946503727.