കോവാക്സിന്‍ വില നിശ്ചയിച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600, സ്വകാര്യ ആശുപത്രികള്‍ക്ക് 1200


ന്യൂഡൽഹി: കോവിഡ് പ്രതിരോധ മരുന്നിന് വില നിശ്ചയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്കാണ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിൻ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് 15-20 ഡോളർ വരെയാവും ഈടാക്കുക.

രാജ്യത്ത് നിലവിൽ കോവിഷീൽഡ്, കോവാക്സിൻ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്സിൻ ഉത്പാദിപ്പിക്കുന്നത്. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിൻ രാജ്യത്ത് നിർമിക്കുന്നത്.

കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും നൽകുമെന്ന് കഴിഞ്ഞ ദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. കോവിഷീൽഡ് കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് വിലക്കുറവിലാണ് കോവിഷീൽഡ് പൊതുവിപണിയിൽ വിൽക്കുന്നതെന്ന് എന്നായിരുന്നു കമ്പനി സി.ഇ.ഒ അദാർ പൂനാവാല വാക്സിൻ നിരക്കിൽ വിശദീകരണം നൽകിയത്.