കോഴിയെ പിടിക്കാനെത്തി, ഒടുവില്‍ കുടുങ്ങി; വയനാട്ടില്‍ കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി


വയനാട്: വയനാട്ടില്‍ കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ കുടുങ്ങി. വയനാട് മൂപ്പൈനാട് കാടാശേരിയില്‍ കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സംഭവം.

രാത്രി കൂട്ടില്‍ നിന്നും ശബ്ദം കേട്ടത്തോടെ ഹംസ വന്ന് നോക്കിയപ്പോള്‍ പുലി കൂടിനകത്ത് നില്‍പ്പുണ്ടായിരുന്നു. ഉടനെ കൂടിന്റെ വാതിലടച്ച് അയല്‍വാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തി പുലിയെ വനം വകുപ്പിന്റെ കൂട്ടിലേക്ക് മാറ്റി. കൂട്ടിലാക്കിയ പുലിയെ മുത്തങ്ങയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

മൂപ്പൈനാട് പ്രദേശത്ത് നാളുകളായി പുലി ശല്യമുണ്ട്. എസ്റ്റേറ്റിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നേരത്തേയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.