കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി; രണ്ടു പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു


കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജി.സി പ്രശാന്ത് കുമാര്‍, രാജിവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും കോഴിക്കോട് ഡി.സി.സി തീരുമാനിച്ചു. മുതിര്‍ന്ന നേതാവായിട്ടും പ്രവര്‍ത്തകരെ തടയുന്നതില്‍ യു. രാജീവന് വീഴ്ച സംഭവിച്ചതിനാലാണ് നടപടി. ഡി.സി.സി ജനറല്‍ സെക്രട്ടറി സുരേഷ് കീച്ചമ്പറയെ താക്കീത് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ 13ാം തിയ്യതി കോഴിക്കോട് ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത്. ഗ്രൂപ്പ് യോഗങ്ങള്‍ ചേരരുത് എന്നുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശമുണ്ടായിട്ടും അത് ലംഘിച്ച് ചേര്‍ന്ന യോഗം പുറത്തറിയാതിരിക്കാനാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ ഡി.സി.സി ഭാരവാഹികളായ ഇ.വി കുഞ്ഞികൃഷ്ണന്‍, ജോണ്‍ പൂതക്കുഴിയെയും അന്വേഷണ കമ്മീഷനായി കെ.പി.സി.സി നിയോഗിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ അഞ്ച് ദിവസം കൊണ്ട് നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉറപ്പ് നല്‍കിയിരുന്നു.