കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് മാവോയിസ്സ്റ്റുകളുടെ പേരിൽ ഭീഷണി കത്തയച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍


കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാര പ്രമുഖർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്തയച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഹബീബ് റഹ്മാൻ, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. ഹബീബ് റഹ്മാൻ്റെ ഓഫീസിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഭീഷണിക്കത്തിന് സമാനമായ കൈപ്പടയിൽ കുറിപ്പുകൾ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ മൂന്ന് വ്യവസായികൾക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റിന്‍റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിലും കസബ പൊലീസിലും വ്യവസായികൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്.

പ്രതികളിലൊരാളായ ഹബീബിന്റെ വീട്ടിലും ഓഫീസിലും ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാൾ കരാറുകാരനാണെന്നും നേരത്തെയും ഇത്തരം കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം അയച്ചതിന് പുറമെ പണം ആവശ്യപ്പെട്ട് വ്യവസായികളെ പ്രതി ഫോണിലും വിളിച്ചിരുന്നു. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

വയനാട് ചുണ്ടേൽ നിന്നാണ് ഭീഷണി കത്തുകൾ അയച്ചത്. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് പ്രതിയുടെ കാറിന്‍റെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.