കോഴിക്കോട്ടെ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് മന്ത്രി എ.കെ.ശശീന്ദ്രന്‍ സന്ദര്‍ശിച്ചു; വിശദപഠനത്തിന് അന്വേഷണസംഘത്തെ നിയോഗിച്ചു


കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരില്‍ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. വീടിനുള്ളില്‍ നിന്നും ഇടക്കിടെ മുഴക്കം അനുഭവപ്പെടുന്നത് പ്രദേശത്ത് ഭീതി പരത്തിയ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. റവന്യൂ, ദുരന്ത നിവാരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശത്തെ കുറിച്ചു വിശദമായ പഠനം നടത്തുന്നതിനായി ഉന്നത സംഘത്തെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ.ജി. ശങ്കര്‍ സംഘത്തെ നയിക്കും. നാളെ (സെപ്റ്റംബർ 29) ഉച്ചയോടു കൂടി സ്ഥലം പരിശോധിച്ച് റെസിസ്റ്റിവിറ്റി പഠനം പോലുള്ളവ ആവശ്യമുണ്ടോ എന്നും സംഘം വിലയിരുത്തും.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത, സ്ഥിരംസമിതി ചെയര്‍മാന്‍ യു.പി.സോമനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജയപ്രകാശന്‍, വാര്‍ഡ് മെമ്പര്‍ സുര്‍ജിത്ത് എം.കെ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് റവന്യു മന്ത്രി സംഘത്തെ നിയമിക്കുന്നതിന് ഉത്തരവിട്ടത്. നാളത്തെ പരിശോധനക്കു ശേഷം റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് & റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്, ഹസാര്‍ഡ് അനലിസ്റ്റ്, ജിയോളജിയിലെ അജിന്‍ ആര്‍.എസ് എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍.

വീടിനുള്ളില്‍ കേള്‍ക്കുന്ന മുഴക്കത്തിന്റെ കാരണമറിയാതെ ആശങ്കയിൽ കഴിയുകയാണ് വീട്ടുകാർ. പോലൂര്‍ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണു രണ്ടാഴ്ചയായി ഠും, ഠും എന്ന മട്ടില്‍ മുഴക്കം കേള്‍ക്കുന്നത്. മുന്‍പു രാത്രി മാത്രമാണു ശബ്ദം കേട്ടിരുന്നതെങ്കില്‍ 2 ദിവസവമായി പകലും കേള്‍ക്കാന്‍ തുടങ്ങി. ഇന്നലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി പല തവണയായി മുഴക്കം കേട്ടു.

ഡൈനിങ് ഹാളില്‍ പാത്രത്തില്‍ നിറച്ചു വച്ച വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു. വീടിനു താഴെ നില്‍ക്കുമ്പോള്‍ മുകളില്‍ നിന്നും മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ നിന്നും കേള്‍ക്കുന്ന തരത്തിലാണു ശബ്ദം. വീട് നിര്‍മ്മിച്ച് അഞ്ച് വര്‍ഷമായി ഇവിടെ താമസിച്ചു വരുന്നുണ്ട്. മുകള്‍ നിലയിലേക്കുള്ള പ്രവൃത്തി അടുത്താണ് പൂര്‍ത്തീകരിച്ചത്. എന്നാല്‍ അഞ്ചു വര്‍ഷ കാലയളവില്‍ ഇത്തരം ശബ്ദമോ മറ്റും ഉണ്ടായിട്ടില്ലെന്നാണ് ബിജു പറയുന്നത്. സമീപത്തുള്ള തറവാട് വീട്ടിലേക്കും ഈ ശബ്ദം കേള്‍ക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് നാലോടെ പലതവണയായി ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേനയെ അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ രാത്രി ഏഴരയോടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് വിദഗ്ധ പരിശോധന ആവശ്യമാണെന്നു കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഇതു പ്രകാരം ഉദ്യോഗസ്ഥ സംഘം എത്തി പരിശോധന നടത്തിയിരുന്നു.

ജില്ലാ ജിയോളജിസ്റ്റ് എം.രാഘവന്‍, ജില്ലാ മണ്ണു സംരക്ഷണ ഓഫിസര്‍ ടി.പി.ആയിഷ, അസി. ജിയോളജിസ്റ്റ് കെ.കെ.വിജയ, അഗ്‌നിരക്ഷാസേന വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫിസര്‍ കെ.പി.ബാബുരാജ് എന്നിവരാണ് ബിജുവിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.