കോഴിക്കോട്ടും ഉടൻ ലുലു മാൾ എത്തും; നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ എം.എ.യൂസഫലയുടെ നിർദ്ദേശം


കോഴിക്കോട്: കോഴിക്കോട്ടെ ലുലു ഷോപ്പിങ് മാളിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. മറ്റു പദ്ധതികളും ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ‘ചേംബര്‍ ഭവന്‍’ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മിനി ബൈപ്പാസില്‍ ആസ്റ്റര്‍ മിംസ് ആശുപത്രി കഴിഞ്ഞ് വളയനാട് റോഡ് വന്നു ചേരുന്ന ജങ്ഷനില്‍ 20 ഏക്കര്‍ സ്ഥലത്താണ് ലുലു മാള്‍ നിര്‍മ്മിക്കുന്നത്. ഷോപ്പിങ് മാളും രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററുമടക്കമുള്ള പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നതെന്നാണ് നേരത്തേ യൂസഫലി പ്രഖ്യാപിച്ചിരുന്നത്.

വാണിജ്യ, വ്യവസായ രംഗത്ത് കോഴിക്കോട് ഇനിയും വികസിക്കണമെന്നും എം.എ. യൂസുഫലി ചടങ്ങിൽ പറഞ്ഞു. വാണിജ്യരംഗത്ത് ഉയര്‍ന്ന നിലയിലുണ്ടായിരുന്ന കോഴിക്കോടിന് കൊച്ചിയുടെയും തിരുവനന്തപുരത്തി!!െന്റയും പ്രസിദ്ധി ഇപ്പോഴില്ല. ഇന്നാട്ടുകാര്‍തന്നെ ഇവിടെ നിക്ഷേപമിറക്കാന്‍ മടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേപ്പൂര്‍ തുറമുഖവും കരിപ്പൂര്‍ വിമാനത്താവളവും ടൂറിസം മേഖലയും വിപുലീകരിക്കേണ്ടതുണ്ട്. വാണിജ്യ, വ്യവസായ സംഘടനകള്‍ ഇതിനായി പ്രവര്‍ത്തിക്കണം. വിവിധ സംരംഭങ്ങള്‍ നടത്താന്‍ അനുകൂലമായ സര്‍ക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളതെന്ന് യൂസുഫലി പറഞ്ഞു. വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ ബിസിനസ് നടത്താനുള്ള നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. കേരളത്തിലുള്ള കൊളോണിയല്‍കാലത്തെ നിയമങ്ങള്‍ മാറ്റണം. കേന്ദ്രവും കേരളവും വേഗത്തില്‍ നീങ്ങുന്നുണ്ടെന്നും യുസഫലി പറഞ്ഞു.

ചേംബര്‍ഭവനില്‍ ഹാള്‍ പണിയാന്‍ 50 ലക്ഷം രൂപയും യൂസുഫലി വാഗ്ദാനം ചെയ്തു. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, ഡോ.കെ. മൊയ്തു, എസ്.എം. ഗുപ്ത തുടങ്ങിയവരെ ആദരിച്ചു. എം. മുസമ്മില്‍ സ്വാഗതവും രാജേഷ് കുഞ്ഞപ്പന്‍ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.