കോഴിക്കോട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; അക്രമത്തിനു പിന്നില്‍ എട്ടംഗ സംഘം


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കണ്ടംകുളം ജൂബിലി ഹാളിന് മുന്നില്‍ ബംഗാള്‍ സ്വദേശിയായ റംസാന്‍ അലിയെ ആക്രമിച്ച് സ്വര്‍ണം കവരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നാലു ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതികളുടെ മുഖമോ ബൈക്കുകളുടെ നമ്പറോ വ്യക്തമല്ല.

കഴിഞ്ഞമാസം ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് റംസാന്‍ അലിയില്‍ നിന്നും സംഘം കവര്‍ന്നത്. സ്വര്‍ണവുമായി റംസാന്‍ അലി ഇതുവഴി പോകുന്ന കാര്യം ആരെങ്കിലും ചോര്‍ത്തി നല്‍കിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇത്തരം കൃത്യങ്ങള്‍ക്ക് മുമ്പും പിടിയിലായിട്ടുള്ള സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ വൈകാതെ പിടിയിലാകുമെന്ന് കമ്മീഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു.