കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ ഭരണാനുകൂല പാനലിന് വിജയം


കോഴിക്കോട് : സിറ്റി പോലീസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ ഭരണാനുകൂല പാനൽ വിജയിച്ചു. സൊസൈറ്റി ഭരണം 2002 മുതൽ തുടർന്നുവന്ന പാനൽസമിതി അംഗങ്ങളിൽ ഒരാളൊഴികെ ബാക്കി പത്ത് സ്ഥാനാർഥികളും പരാജയപ്പെട്ടു.

അടുത്ത അഞ്ചുവർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അംഗങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട തീയതിമുതൽ അഞ്ചുവർഷത്തേക്കാണ് തുടരാവുന്നത്. എ. അൻജിത്ത്, സി. പ്രദീപ് കുമാർ, കെ.ടി. മുഹമ്മദ് സബീർ, കെ.എസ്. ശരത്ബാബു, പി.ടി. സുനിൽകുമാർ, പി.കെ. രതീഷ്, സി.പി.ടി. അജിത, ഐ.പി. ജിഷ, പി. ഹാജിറ, കെ.എൻ. ഗിരീഷ്, ജി.എസ്. ശ്രീജിഷ് എന്നിവരാണ് വിജയിച്ചത്.

19 വർഷമായി ഭരണം തുടർന്നുവന്ന സമിതിയാണ് പരാജയപ്പെട്ടത്. പ്രതിപക്ഷ അനുകൂലപാനലിൽ ഉണ്ടായിരുന്ന കെ.എസ്. ശരത്ത്ബാബു മാത്രമാണ് വിജയിച്ചത്. സിറ്റി പോലീസ് മേധാവി പ്രസിഡന്റും അഡ്മിനിസ്‌ട്രേറ്റീവ് എ.സി. വൈസ് പ്രസിഡന്റുമായിട്ടുള്ള സൊസൈറ്റിയിൽ 11 പേരാണ് ഭരണസമിതി അംഗങ്ങളായുണ്ടാവുക. ഓണററി സെക്രട്ടറിയെ അംഗങ്ങൾ ചേർന്ന് തിരഞ്ഞെടുക്കും.

വാശിയേറി തിരഞ്ഞെടുപ്പായിരുന്നു നടന്നത്. ഭരണാനുകൂല പാനലിലുള്ളവരും പ്രതിപക്ഷ അനുകൂലപാനലിലുള്ളവരും വ്യത്യസ്ത വാദഗതികളുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിലവിൽ അഡ്മിനിസ്‌ടേറ്റീവ് ഭരണം തുടരുകയായിരുന്നു.