കോഴിക്കോട് സഹകരണ ആശുപത്രിയെയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി അമിത് ഷാ


ന്യൂഡല്‍ഹി: കോഴിക്കോട് സഹകരണ ആശുപത്രിയെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെയും പ്രശംസിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ കോണ്‍ഗ്രസിലാണ് അമിത് ഷാ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ പ്രശംസിച്ച് സംസാരിച്ചത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച സഹകരണ സംഘങ്ങളെ പരാമര്‍ശിക്കുന്നവേളയിലാണ് അമിത് ഷാ ഊരാളുങ്കല്‍ സൊസൈറ്റി, കോഴിക്കോട് ജില്ലാ ആശുപത്രി എന്നിവയെ പ്രശംസിച്ചത്.

സഹകരണമന്ത്രാലയവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയമം മൂലം നിയന്ത്രിക്കും. സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര വിഷയമോ എന്ന തര്‍ക്കത്തിനില്ല. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ദേശീയ നയം കൊണ്ടു വരുമെന്നും അമിത് ഷാ പറഞ്ഞു.

സഹകരണ മേഖല രാജ്യത്തിന്റെ വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇനി നമുക്ക് പുതുതായി ചിന്തിച്ച് തുടങ്ങാം. സഹകരണമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കാം. മേഖലയെ സുതാര്യമാക്കുകയാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ആദ്യത്തെ സഹകരണ വകുപ്പ് മന്ത്രിയായി തന്നെ തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ട്. ഇത്തരമൊരു അവസരം തന്നതില്‍ പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.