കോഴിക്കോട് വീണ്ടും നിപ വൈറസ് ആശങ്കയുയര്‍ത്തുമ്പോള്‍ ആത്മവിശ്വാസത്തിന്റെ അടയാളമായി അജന്യ


കൊയിലാണ്ടി: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിക്കുമ്പോള്‍ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് അജന്യയുടെ ജീവിതം. നിപ ബാധിച്ചാല്‍ മരണം ഉറപ്പെന്ന് വിശ്വസിച്ച സമൂഹത്തില്‍ നിന്നാണ് നഴ്സിങ് വിദ്യാര്‍ഥിനി കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി അജന്യ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അത് കേരളത്തിലെ ആരോഗ്യമേഖലയുടെ ഒരു വിജയമായാണു വിലയിരുത്തപ്പെട്ടത്.

നിപ വൈറസിനെ ഭയക്കാതെ പ്രതിരോധിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമായിരുന്നു അത്. അര്‍ധബോധാവസ്ഥയില്‍ വൈദ്യശാസ്ത്രത്തിനു മുന്നിലെത്തിയ അജന്യയുടെ ജീവിതം തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു.

നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി അജന്യയുടെ രക്തപരിശോധനയില്‍ ആശങ്കകളെ പതിന്‍മടങ്ങ് ഇരട്ടിപ്പിച്ച ഫലമാണ് ഉണ്ടായത്. സിസ്റ്റര്‍ ലിനിയോടോപ്പം അജന്യയും ഓര്‍മായവുമെന്നു ഭയപ്പെട്ട നാളുകള്‍.

ഒരു പക്ഷേ ലോകത്ത് ആദ്യമായിരിക്കാം ഇത്തരം മാരകമായ അവസ്ഥയില്‍ നിന്ന് ഒരു നിപ രോഗി ജീവിതത്തിലേയ്ക്കുള്ള തിരിച്ചു വന്നത് എന്നാണ് വൈദ്യശാസ്ത്ര രംഗം വിലയിരുത്തിയത്.

2018 ല്‍ നിപയെ പ്രതിരോധിച്ച് തോല്‍പ്പിച്ച അജന്യ തന്നെയാണ് 2021 ല്‍ വീണ്ടും നിപ മരണം സ്ഥിരീകരിക്കുമ്പോള്‍ നമുക്ക് ആത്മധൈര്യം പകരുന്നത്. 2018 ല്‍ കോഴിക്കോട്ട് പടര്‍ന്ന നിപ വൈറസ് 17 പേരുടെ ജീവനെടുത്തെങ്കിലും രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നതിന്റെ തെളിവായി ഇവരുടെ അതിജീവനം ഇന്നു വിലയിരുത്തപ്പെടുന്നു.

‘നിപയെന്ന് പറയുമ്പോഴേ പേടിച്ചിരുന്നിട്ട് കാര്യമില്ല, ജാഗ്രതയോടെ നേരിട്ടാല്‍മാത്രം മതി. ആരോഗ്യപ്രവര്‍ത്തകരുടെ ആ ജാഗ്രതയാണല്ലോ എന്റെ ഈ ജീവന്‍’ എന്നായിരുന്നു അന്ന് അജന്യയുടെ പ്രതികരണം. അന്നത്തെ പല കാര്യങ്ങളും കേട്ടറിവുമാത്രമേയുള്ളൂ. എങ്കിലും ഒന്നുറപ്പാണ്. പേടിക്കുന്തോറും പ്രശ്നങ്ങള്‍ കൂടും. അതുവേണ്ട. രോഗം മാറുമെന്ന് ഉറച്ച് വിശ്വസിക്കുക. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ശ്രദ്ധയോടെമാത്രം കാര്യങ്ങളെ സമീപിക്കുക- അജന്യ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

കോഴിക്കോട് ബീച്ച് ഗവ. നഴ്സിങ് കോളേജില്‍നിന്ന് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പിന് പോയപ്പോഴാണ് നഴ്സിങ് വിദ്യാര്‍ത്ഥിനിയായ അജന്യയ്ക്ക് രോഗം പിടിപെട്ടത്. ചെങ്ങോട്ടുകാവ് മലയില്‍ ശ്രീധരന്റെയും വിജിതയുടെയും മകളാണ് അജന്യ.