അഴിമതി തുടര്‍ക്കഥയോ? കോഴിക്കോട് കോര്‍പറേഷനിലെ കോഴിക്കുഞ്ഞ് വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപണം
കോഴിക്കോട്: കോർപറേഷനിലെ കോഴിക്കൂട് വിതരണത്തിൽ മാത്രമല്ല, കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതിയെന്ന് ആരോപണം. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കോർപറേഷനിൽ അടച്ചില്ല. കോഴിക്കൂടിനായി പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുമ്പോഴാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
എൺപത് വയസുള്ള കർഷകനാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് ഇരയായത്. കോഴിക്കോട് ചാത്തമംഗലത്ത് നഴ്സറി നടത്തുന്ന രാവുണ്ണിയാണ് മട്ടുപ്പാവിൽ മുട്ടക്കോഴി പദ്ധതിയിലേക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകിയത്. കുഞ്ഞ് ഒന്നിന് 150 രൂപാ നിരക്കിൽ 1350 കോഴിക്കുഞ്ഞുങ്ങളെ ഉദ്യോഗസ്ഥർ വാങ്ങി. ഒരു കൂടിന് പതിനഞ്ച് കുഞ്ഞുങ്ങൾ വീതം പദ്ധതിയിൽ അംഗങ്ങളായവർക്ക് വിതരണം ചെയ്ത് 1125 രൂപാ വീതം ഉദ്യോഗസ്ഥർ പിരിച്ചെടുത്തു. എന്നാൽ രാവുണ്ണിക്ക് നൽകിയത് വെറും 27000 രൂപ മാത്രം. ഉദ്യോഗസ്ഥർ പണം മുക്കിയെന്ന് മനസിലാക്കിയ രാവുണ്ണി പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.
കോഴിക്കൂട് വിതരണം ചെയ്ത് പിരിച്ചെടുത്ത പണവും മൃഗസംരക്ഷരണവകുപ്പ് ഉദ്യോഗസ്ഥർ തിരിമറി നടത്തിയിരുന്നു. കോർപറേഷൻ സെക്രട്ടറിയും കൂട് വിതരണം ചെയ്ത കമ്പനിയും നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.
മൃസംരക്ഷണ വകുപ്പിന്റെ സഹകരണത്തിൽ കോഴിക്കോട് കോർപറേഷൻ പരിധിയിൽ 90 കോഴിക്കൂടുകളാണ് വിതരണം ചെയ്തത്. ഒരു കൂടിന് 4450 രൂപ വീതം പദ്ധതിയിൽ അംഗങ്ങളായവരിൽ നിന്ന് വാങ്ങിയെടുത്തു. അതിൽ 19 കൂടിന്റെ പണം മാത്രമേ ഉദ്യോഗസ്ഥർ കോർപറേഷനിൽ നൽകിയുള്ളു.
ബേപ്പൂർ, മാങ്കാവ്, എലത്തൂർ ചെറുവണ്ണൂർ നല്ലളം മൃഗാശുപത്രികൾക്ക് കീഴിൽ കഴിഞ്ഞ സാമ്പത്തിക വർഷമാണ് കോഴിക്കൂടുകൾ വിതരണം ചെയ്തത്. മലപ്പുറത്തെ കോട്ടക്കുന്ന് അഗ്രോ ആന്റ് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് കരാറെടുത്ത് കൂടുകൾ നൽകിയത്. ബേപ്പൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജനായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല. എന്നാൽ പദ്ധതിയിൽ അംഗങ്ങളായ വീട്ടുകാരിൽനിന്ന് പണം പിരിച്ചെടുത്ത് ആറുമാസം കഴിഞ്ഞിട്ടും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർ പണം കോർപറേഷന് കൈമാറിയില്ല.
ഇതോടെ കരാർ കമ്പനിക്ക് കോർപറേഷന്റെ പ്ലാൻ ഫണ്ട് അനുവദിക്കാനും നിയമ തടസം വന്നു. അങ്ങനെ കമ്പനി കോർപറേഷൻ സെക്രട്ടറി മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകി. ഒപ്പം കോർപറേഷൻ സെക്രട്ടറിയും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി കൈമാറി. ഒടുവിൽ വഞ്ചാനാ കുറ്റം ചുമത്തി ടൗൺ പോലീസ് കേസെടുത്തു.