കോഴിക്കോട് യെല്ലോ അലര്‍ട്ട്; ജില്ലയിലെ അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ഇങ്ങനെ


കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ യെല്ലേ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 63.9 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ കക്കയം സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് – 100.5 മില്ലീ മീറ്റര്‍.

വൈദ്യുതി വകുപ്പിന്റെ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 750.26 മീറ്റര്‍ ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ സംഭരണ ശേഷിയുടെ ആകെ 48.02 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. 16.32 എം.സി.എം ജലമാണ് നിലവില്‍ കക്കയം അണക്കെട്ടില്‍ സംഭരിച്ചിട്ടുള്ളത്.

ജലസേചന വകുപ്പിന്റെ പെരുവണ്ണാമൂഴി അണക്കെട്ടില്‍ നിലവില്‍ 39.080 മീറ്ററാണ് ജലനിരപ്പ്. പെരുവണ്ണാമൂഴിയുടെ പരമാവധി ജലനിരപ്പ് 44.61 മീറ്ററാണ്. സംഭരണ ശേഷിയുടെ 61.38 ശതമാനമാണ് നിലവില്‍ അണക്കെട്ടില്‍ സംഭരിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.