കോഴിക്കോട് യാത്രക്കാരന്‍ കുഴഞ്ഞുവീണു; മിന്നല്‍ വേഗത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കുതിച്ച് സ്വകാര്യ ബസ്


കോഴിക്കോട്: ബസ്സില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ അതേ ബസ്സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ഡ്രൈവര്‍. മലാപ്പറമ്പ് വഴി മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ഷൈന്‍ എന്ന ബസ്സാണ് താല്‍ക്കാലികമായി ‘ആംബുലന്‍സ്’ ആയത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മലാപ്പറമ്പില്‍ നിന്ന് കയറിയ യാത്രക്കാരന്‍ ബസ്സില്‍ കുഴഞ്ഞു വീണപ്പോള്‍ സഹയാത്രികനായ ഇതര സംസ്ഥാന തൊഴിലാളി താങ്ങിപ്പിടിച്ച് ബസ്സില്‍ കിടത്തി. റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വോളന്റിയര്‍മാരായ നജാനസ്രിന്‍, മഞ്ചിമ പ്രമോദ് എന്നിവര്‍ ബാഗ് തലയണയാക്കി പ്രഥമശുശ്രൂഷ നല്‍കി.

മറ്റൊരു വാഹനത്തിന് കാത്തുനില്‍ക്കാതെ ബസ്സില്‍ തന്നെ യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ പറമ്പില്‍ ബസാര്‍ സ്വദേശി അജ്‌നാസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇടയ്ക്കുള്ള സ്‌റ്റോപ്പുകളിലൊന്നും നിര്‍ത്താതെ ബസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കുതിച്ചു. അത്യാഹിതവിഭാഗത്തിന്റെ കവാടം വരെ ബസ് ഓടിയെത്തി.

ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല. മലാപ്പറമ്പ് പറമ്പത്ത് ചാലില്‍ വീട്ടില്‍ പത്മനാഭന്‍ നായര്‍ (74) ആണ് മരിച്ചത്. നേരത്തേ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് ഇദ്ദേഹം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.