കോഴിക്കോട് മെഡിക്കല്‍ കോളേജിന് ബോംബ് ഭീഷണി


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും മണിക്കൂറുകള്‍ക്കകം പൊട്ടുമെന്നും ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി നടുവട്ടം സ്വദേശി ടി.പി. അബ്ദുള്‍ ഷഫീഖിനെ (20) ആണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്.

വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ‘112’ നമ്പറിലേക്ക് വിളിച്ച് മെഡിക്കല്‍ കോളേജില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പ്രതി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍നിന്ന് വിവരമറിയിച്ചപ്രകാരം പരിശോധന നടത്തുകയായിരുന്നു.

ഡി.സി.പി.യുടെ മേല്‍നോട്ടത്തില്‍, മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, പന്നിയങ്കര പോലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി. ആശുപത്രിക്കുപുറത്തും അകത്തും വിശദമായി നടത്തിയ പരിശോധന തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അവസാനിച്ചത്.

മലപ്പുറത്തെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. വേറെയൊരാള്‍ മെസേജ് അയച്ചെന്നും അത് ഡിലീറ്റ് ചെയ്തശേഷമാണ് പൊലീസിലേക്ക് വിളിച്ചതെന്നുമാണ് ഇയാള്‍ മൊഴിനല്‍കിയത്. കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലു അറിയിച്ചു.