കോഴിക്കോട് മുഴക്കം കേട്ട വീട്ടില്‍ ഭൂമിക്കടിയില്‍ വൈദ്യുത തരംഗം കടത്തിവിട്ട് പരിശോധന; ഭൂമിയുടെ 20 മീറ്റര്‍ താഴെവരെയുള്ള ഘടന പരിശോധന വിധേയമാക്കും
കോഴിക്കോട്: വീട്ടില്‍ നിന്നും മുഴക്കം കേട്ട സംഭവത്തില്‍ പോലൂര് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടില്‍ ജിയോഫിസിക്കല്‍ സര്‍വ്വേ തുടങ്ങി. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് സര്‍വ്വേ നടക്കുന്നത്.
ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ട് ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേയാണ് നടത്തുന്നത്. ബിജുവിന്റെ വീടിന് സമീപത്ത് ചെങ്കല്‍ വെട്ടിയ പ്രദേശമടക്കം നാലിടങ്ങളിലാണ് പരിശോധന നടത്തുക. ഭൂമിയ്ക്കടിയില്‍ 20 മീറ്റര്‍ താഴെവരെയുള്ള ഘടനയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. രാവിലെ ഒമ്പതുമണിയ്ക്ക് തുടങ്ങിയ പരിശോധന വൈകുന്നേരം ഏഴുവരെ തുടര്‍ന്നു.
ഡോ. ബിപിന്‍ പീതാംബരന്റെ നേതൃത്വത്തില്‍ കെ.എല്‍ദോസ്, കൃഷ്ണ ഝാ എന്നിവരാണ് പഠനം നടത്തുന്നത്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക്ക്, എന്‍.സി.ആര്.എം.പി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.വി റംഷീന എന്നിവരും സംഘത്തിനൊപ്പമുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇത് സര്‍ക്കാറിനും കലക്ടര്‍ക്കും കൈമാറും.