കോഴിക്കോട് തീവണ്ടിയാത്രക്കാരില്‍നിന്ന് മതിയായ രേഖകളില്ലാതെ കടത്തിയ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി


കോഴിക്കോട്: തീവണ്ടിയാത്രക്കാരായ രണ്ടുപേരില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 1.260 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍നിന്ന് വരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ എത്തിയതായിരുന്നു യാത്രക്കാര്‍.

ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍മാരായ സി.അബ്ബാസ്, കെ.ധനയന്‍ എന്നിവര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വര്‍ണം പിടിച്ചത്. സംസ്ഥാന ചരക്ക് സേവനനികുതി വിഭാഗം കോഴിക്കോട് മൊബൈല്‍ സ്‌ക്വാഡ് (രണ്ട്) വിഭാഗത്തിന് കൈമാറിയ സ്വര്‍ണം പിന്നീട്, നികുതിയും പിഴയും ഉള്‍പ്പെടെ 3,43,800 രൂപ ഈടാക്കി വിട്ടുകൊടുത്തു. സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ്) ലിജിത്ത്, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ കെ.എസ്.സിജീഷ്, ടി. രാജേഷ്, ഡ്രൈവര്‍ ആര്‍.രാഗേഷ് എന്നിവരാണ് ജി.എസ്.ടി. സംഘത്തിലുണ്ടായിരുന്നത്.