ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (20/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പ്: അപേക്ഷാ തീയതി നീട്ടി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 25 വരെ നീട്ടി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം ലഭിക്കും. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന്റെ ഒരു ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റെര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്പ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2021 എന്ന് എഴുതണം. അഭിമുഖത്തിന്റേയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.

തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്ത്മായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370225.

കുടുംബശ്രീ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയുടെ നാലാമത് കുടുംബശ്രീ ജനകീയ ഹോട്ടല്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നാഷനല്‍ ഹൈവേയില്‍ ബപ്പന്‍ കാട് ജംഗ്ഷനിലാണ് ഹോട്ടല്‍ ആരംഭിച്ചത്. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത മുഖ്യാതിഥിയായി.
കൗണ്‍സിലര്‍മാരായ മനോജ് പയറ്റുവളപ്പില്‍, വി.പി ഇബ്രാഹിം കുട്ടി, നന്ദനന്‍ കെ.എം, വി. രമേശന്‍, എ. അസീസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ തുടങ്ങിയവര്‍ സംസാരിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ ഒന്നിലെ ചായം പദ്ധതി പ്രകാരം അങ്കണവാടി നവീകരണത്തിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 27ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ ഫോം ലഭിക്കും. ഫോണ്‍: 0495 2702523.

ഫോട്ടോഗ്രാഫി മത്സരം: അപേക്ഷാ തീയതി നീട്ടി

ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്ലാസ്റ്റിക് മലിനീകരണം; ഹരിത ഉപഭോഗം എന്ന വിഷയത്തില്‍ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 22 വൈകീട്ട് അഞ്ച് മണി വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 18 x 12 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടെത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495-2370655.


അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഡിസംബര്‍ 31. വിലാസം – പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.


ഡിസ്ട്രിക്ട് ലെവല്‍ റിവ്യൂ കമ്മിറ്റി മീറ്റിംഗ് 24 ന്

ഡിസ്ട്രിക്ട് ലെവല്‍ റിവ്യൂ കമ്മിറ്റി മീറ്റിംഗ്് ഡിസംബര്‍ 24 ന് രാവിലെ 10.30 മണിക്ക് മുതുലക്കുളം, മലബാര്‍ പാലസില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

ഭാസുര രൂപികരണവും പരിശീലന പരിപാടിയും ഇന്ന്

ഗോത്ര വര്‍ഗ വനിതാ ഭക്ഷ്യഭദ്രത കുട്ടായ്മ – ഭാസുര രൂപീകരണവും പരിശീലന പരിപാടിയും ഇന്ന് (ഡിസം. 21) വിലങ്ങാട് പാരിഷ് ഹാളില്‍ രാവിലെ 10.30 നടക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനി കേന്ദ്രികരിച്ചാണ് പരിപാടി. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന സന്ദേശം ആദിവാസി ഗോത്ര വിഭാഗങ്ങളിലും പൊതുജനങ്ങളിലും എത്തിക്കുക എന്നതിന്റെ ഭാഗമായി ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ ബോധവല്‍ക്കരണത്തിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ രൂപം നല്‍കിയിട്ടുള്ളതാണ് ഭാസുര.

ആര്‍സെറ്റി അഡൈ്വസറി കമ്മിറ്റി മീറ്റിംഗ് 22ന്

ജില്ലാ ലെവല്‍ ആര്‍സെറ്റി അഡൈ്വസറി കമ്മിറ്റി മീറ്റിംഗ് ഡിസംബര്‍ 22ന് രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഉപഭോക്തൃ തര്‍ക്ക പരിഹാര അദാലത്ത് ഡിസംബര്‍ 24 ന്

ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പ്രത്യേക അദാലത്ത് നടക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും അഭിഭാഷകരുടേയും സഹകരണത്തിലാണ് അദാലത്ത്. കാരന്തൂരിലെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ കോടതി ഹാളില്‍ രാവിലെ 10 മണിക്ക് അദാലത്ത് ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0495 2803455.

ഉന്ത് വണ്ടികള്‍ വിതരണം ചെയ്തു

നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ 2021- 22 പദ്ധതി പ്രകാരമുള്ള വാതില്‍പടി വ്യാപാരം ഉന്തുവണ്ടി വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നിര്‍വഹിച്ചു. അവശ്യ വസ്തുക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടു പേര്‍ക്കാണ് വണ്ടി വിതരണം ചെയ്തത്. ചടങ്ങില്‍ നഗരസഭാ വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടിച്ചര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. അജിത്ത്, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹി കുട്ടി, മനോജ് പയറ്റുവളപ്പില്‍, വി രമേശന്‍ മാസ്റ്റര്‍, കെ.എം നന്ദനന്‍, വ്യവസായ വികസന ഓഫിസര്‍ സുധിഷ് കമാര്‍, നഗരസഭാ സുപ്രണ്ട് ബിജു പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഏകദിന ശില്‍പശാല 10 ന്

ഖാദി ഗ്രാമവ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം നിര്‍ണയിക്കുന്നതിനും മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 ന് രാവിലെ 11 മണിക്ക് എറണാകുളത്ത് ഏകദിന ശില്പശാല സംഘടിപ്പിക്കും.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. ഖാദി മേഖലയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ secretary@kkvib.org ഇ മെയില്‍ അല്ലെങ്കില്‍ 9447729288 മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

പരിശോധന ക്യാമ്പ് 23ന്

കൊയിലാണ്ടി മത്സ്യഭവനുകീഴിലെ മത്സ്യബന്ധന യാനങ്ങളുടെ ഭൗതിക പരിശോധനയുമായി ബന്ധപ്പെട്ട് ഏകദിന ക്യാമ്പ് കൊയിലാണ്ടി ഹാര്‍ബറില്‍ ഡിസംബര്‍ 23ന് രാവിലെ 10 മുതല്‍ രണ്ട് വരെ നടത്തുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. യാന ഉടമസ്ഥര്‍ അനുബന്ധ രേഖകള്‍ സഹിതം യാനവുമായി ക്യാമ്പില്‍ ഹാജരാകണം. പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ഫോണ്‍: 0495 2414074.

ജില്ലാതല ശില്‍പശാല നാളെ
ജില്ലയില്‍ ആരോഗ്യമേഖലയെ ട്രാന്‍സ്ജന്റര്‍ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിക്കുന്നു. നാളെ (ഡിസം.21) രാവിലെ 10.30ന് കോഴിക്കോട് ഗവ.മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന പരിപാടി സബ് ജഡ്ജ് ഷൈജല്‍ എം.പി ഉദ്ഘാടനം ചെയ്യും.ട്രാന്‍സ്ജന്റര്‍ വിഭാഗം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പൊതു സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദേശത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ട്രാന്‍സ്ജെന്റര്‍ പ്രതിനിധിയായ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ നഗ്മ സുസ്മി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കും.

വനിതാ കമ്മിഷന്‍ അദാലത്ത്: 30 കേസുകള്‍ തീര്‍പ്പാക്കി

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 30 കേസുകള്‍ തീര്‍പ്പാക്കി. ആകെ 90 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 54 കേസുകള്‍ അടുത്ത അദാലത്തിലേക്കും ആറെണ്ണം പൊലിസിന്റെയും മറ്റും റിപ്പോര്‍ട്ടുകള്‍ കിട്ടുന്നതിനുമായി മാറ്റിവച്ചു. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികളാണ് പരിഗണിച്ച കേസുകളിലധികവുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി പറഞ്ഞു. തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്ന നിയമമുണ്ടായിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്ന സ്ത്രീകളുടെ പരാതികള്‍ ലഭിക്കുന്നുണ്ട്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് അന്തസോടെ ജോലി ചെയ്യാനുള്ള സംവിധാനം ഉറപ്പു വരുത്തണമെന്നാണ് തൊഴില്‍ ഉടമകളോട് കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്നവരുടെ പരാതികള്‍ പരിഹരിക്കാന്‍ സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി കമ്മിറ്റി പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

ഗാര്‍ഹിക പീഡന പരാതികളില്‍ ജില്ലാ തലത്തിലുള്ള വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സിന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ കഴിയണം. അദാലത്തില്‍ പരിഗണിക്കുന്ന പല പരാതികളിലും എതിര്‍ കക്ഷികള്‍ ഹാജരാകുന്നില്ലെന്ന സാഹചര്യവുമുണ്ട്. നോട്ടീസയച്ചിട്ടും ഹാജരാകാത്ത കേസുകളില്‍ കമ്മിഷന്‍ പൊലിസിന്റെ സഹായം തേടുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

: വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തുമുക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികളിലായി വയോജനങ്ങൾക്ക് അനുവദിച്ച കട്ടിലുകൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗം, പൊതുവിഭാഗം എന്നിവയിലായി 159 കട്ടിലുകളാണ് വിതരണം ചെയ്തത്.

നഗരസഭാ ചെയർമാൻ പി ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ ചാന്ദിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.റുബീന, അബ്ദുൽ മജീദ്, ഇ.സത്യനാരായണൻ, കൗൺസിലർമാരായ എംകെ യാസിർ, വേണുഗോപാൽ മാസ്റ്റർ, അനിതകുമാരി ടീച്ചർ, നികുഞ്ചം വിശ്വൻ, നൗഫൽ മല്ലശ്ശേരി, കല്യാണിക്കുട്ടി, കൃഷ്ണൻ വടക്കയിൽ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി എൻ. കെ ഹരീഷ് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ റീജ സുരേഷ് നന്ദിയും പറഞ്ഞു.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്-
ചാലിയാറിന്റെ ഓളപരപ്പില്‍ ചുരുളന്‍ വള്ളമിറങ്ങി

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ആരവങ്ങളും പെരുമയുമായി ചാലിയാറിന്റെ ഓളപരപ്പില്‍ ചുരുളന്‍ വള്ളമിറങ്ങി. ഫെസ്റ്റിന്റെ ഭാഗമായി ജലകായിക മേളയില്‍ പങ്കെടുക്കുന്ന ചുരുളന്‍ വള്ളങ്ങളുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊളത്തറയിലെ ജെല്ലിഫിഷ് സ്ഥാപനത്തിന്റെ ചാലിയാര്‍ തീരത്തു നടന്ന ചടങ്ങില്‍ ചുരുളന്‍ വള്ളം നിര്‍മ്മിച്ച മോഹന്‍ ദാസില്‍ നിന്നും മന്ത്രി പങ്കായം ഏറ്റുവാങ്ങി. മന്ത്രിയും ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയും അധികൃതരും ചേര്‍ന്ന് വള്ളം നീറ്റിലിറക്കി.മലബാറിലെ ജലോത്സവ സാധ്യത ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാമെന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് മന്ത്രി പറഞ്ഞു. തുടക്കത്തില്‍ ചാലിയാറിന്റെ തീരമായ ബേപ്പൂര്‍ മണ്ഡലത്തില്‍ വാട്ടര്‍ ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ഫെസ്റ്റ് നടക്കുക. ഫുഡ് ഫെസ്റ്റിവലുകളും തനതായ പരിപാടികളും ഇതിന്റെ ഭാഗമാകും. കലക്ടറുടെ നേതൃത്വത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഊര്‍ജസ്വലമായി നടന്നുവരികയാണ്. ഫെസ്റ്റിലൂടെ ജില്ലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിന്റെ മറ്റൊരു ജലമേളയായി മാറാനിരിക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഈ മാസം 26 മുതല്‍ 29 വരെ ബേപ്പൂര്‍ മറീനയില്‍ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി ജല കായിക ഇനങ്ങള്‍ കൂടാതെ മലബാര്‍ രുചി വൈവിധ്യങ്ങളോടു കൂടിയ ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, കലാ പ്രകടനങ്ങള്‍ തുടങ്ങിയവക്കും ബേപ്പൂര്‍ മറീന വേദിയാകും.

ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ പ്രമോദ്, ഇന്‍ഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയര്‍മാന്‍ എം. ഗിരീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.

അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കൂടെയുണ്ടാവും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫറോക്കില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പും ആവാസ്- ഇശ്രം രജിസ്ട്രേഷന്‍ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിര്‍മ്മാണ, വ്യവസായ മേഖലകളിലെല്ലാം തന്നെ ഒഴിച്ചുകൂടാനാവാത്തവരാണ് അതിഥിതൊഴിലാളികള്‍. അവരുടെ ക്ഷേമത്തിനായി ഫെസിലിറ്റേഷന്‍ സെന്റര്‍, ആവാസ്, അപ്നാഘര്‍ തുടങ്ങി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.അതിഥിതൊഴിലാളികളുടെ ക്ഷേമവും സാമൂഹിക ആരോഗ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കാര്‍ഡുകളുടെ വിതരണം മന്ത്രി നിര്‍വഹിച്ചു. ഫറോക്ക് ആമ്പിയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം ഡി.പി.എം ഡോ. നവീന്‍ എ, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എന്‍ഫോഴ്സ്മെന്റ് ബിച്ചുബാലന്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ് കെ.വി വിപിന്‍ലാല്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

‘ഫ്യൂച്ചര്‍’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

ബേപ്പൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചറിന്റെ’ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സാമ്പത്തിക, സാമൂഹിക വിവേചനം നേരിടാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണം ശക്തിപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഡിജിറ്റല്‍ ഡിവൈഡില്ലാതെ കോവിഡ് കാലത്ത് എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ സംസ്ഥാനത്തിനായി. മണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റങ്ങള്‍ വരുത്തുന്ന പദ്ധതി ജനകീയ പങ്കാളിത്തതോടെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി നാലുവര്‍ഷം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് നടപ്പാക്കുക. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെയും ചേര്‍ത്തുപിടിച്ച് പദ്ധതി നടപ്പാക്കും. നാടിന്റെ ഭാവി കെട്ടിപ്പടുക്കുന്ന ഫാക്ടറികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ രൂപരേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു.

മന്ത്രിയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ ഡവലപ്മെന്റ് മിഷനാണ് ‘ഫ്യൂച്ചര്‍’ പദ്ധതി നടപ്പാക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടൊപ്പം ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുക. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍, ശാരിരികവും ബുദ്ധിപരവുമായ പരിമിതിയുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പഠനത്തില്‍ മിടുക്കരായവര്‍ക്ക് ഉന്നത പഠനത്തിനും മത്സര പരീക്ഷകളെ നേരിടുന്നതിനും പ്രത്യേക പരിശീലനം ഉറപ്പു വരുത്തുക, വിദ്യാഭ്യാസത്തിലെ നവ സാങ്കേതിക വിദ്യാ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക, കോവിഡാനന്തര കാലത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക, പഠന നഷ്ടം നികത്തുന്നതിനുള്ള സവിശേഷ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളോട് നീതി പുലര്‍ത്തും വിധം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഫറോക്ക് ഗവ. ഗണപത് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഫറോക്ക് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാക്ക് അധ്യക്ഷനായി. എസ്.എസ്.കെ ഡി.പി.സി
ഡോ. എ.കെ അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബേപ്പൂര്‍ ഡവലപ്പ്മെന്റ് മിഷന്‍ ചെയര്‍മാന്‍ എം. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനൂഷ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബുഷ്റ റഫീഖ്, വികസന പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി രാജന്‍, ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സമീഷ്, പ്രധാനാധ്യാപിക പുഷ്പരാജി, പ്രിന്‍സിപ്പാള്‍ താരാഭായ് ജനപ്രതിനിധികള്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍-
പരിശോധന ശക്തിപ്പെടുത്തി എക്സൈസ്
ക്രിസ്തുമസ്, നവവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ എക്സൈസ് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി.ലഹരിക്കടത്തും ലഹരി ഉപയോഗവും തടയുന്നതിന് ഡിസംബര്‍ നാല് മുതല്‍ 2022 ജനുവരി മൂന്ന് വരെയുളള ദിവസങ്ങള്‍ സ്പെഷ്യല്‍ ഡ്രൈവായി പ്രഖ്യാപിച്ചു. പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ – 0495-2372927. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ അന്വേഷണങ്ങള്‍ നടത്തുന്നതിലേക്കായി എക്സൈസ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് പാര്‍ട്ടിയെ ജില്ലയില്‍ നിയോഗിച്ചു.ലഹരിയുമായി ബന്ധപ്പെട്ടുളള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുളള സാഹചര്യം മുന്‍നിര്‍ത്തി പോലീസ്, ഫോറസ്റ്റ്, ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ്, റവന്യൂ എന്നീ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്തുന്നതിന്റെ ഭാഗമായി പോലീസുമായി ചേര്‍ന്ന് 10 റെയ്ഡുകള്‍ നടത്തി. വനപ്രദേശങ്ങളിലെ വാറ്റുതടയുന്നതിനായി ഫോറസ്റ്റ് അധികൃതരുമായി സഹകരിച്ച് മൂന്ന് റെയ്ഡുകളും, കടല്‍മാര്‍ഗമുള്ള ലഹരിക്കടത്ത് തടയുന്നതിനായി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റുമായി ചേര്‍ന്ന് നാല് റെയ്ഡും, കോസ്റ്റല്‍ പോലീസുമായി ചേര്‍ന്ന് മൂന്ന് റെയ്ഡും, പോലീസ് സ്നിഫര്‍ ഡോഗിന്റെ സഹയത്തോടെ നാല് പരിശോധനകളും ഇതുവരെ നടത്തി.

ചെക്ക്പോസ്റ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്കായി അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. ലഹരിക്കടത്തു കുറ്റകൃത്യങ്ങളില്‍ സമീപകാലത്തുണ്ടായ വര്‍ധിച്ച സ്ത്രീ പങ്കാളിത്തം കണക്കിലെടുത്ത് ചെക്ക്പോസ്റ്റുകളില്‍ വനിതാ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു.

അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധന ശക്തമാക്കി

സംസ്ഥാനവുമായും ജില്ലയുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ നടപടികളാരംഭിച്ചു. മാഹി അതിര്‍ത്തി പ്രദേശങ്ങളില്‍ വടകര റെയ്ഞ്ച്, വടകര സര്‍ക്കിള്‍ പാര്‍ട്ടി, സ്ട്രൈക്കിംഗ് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കി. അടിവാരം ഭാഗത്ത് താമരശ്ശേരി സര്‍ക്കിള്‍, താമരശ്ശേരി റെയിഞ്ച് പാര്‍ട്ടികളാണ് പരിശോധന നടത്തുന്നത്. ലൈസന്‍സ്ഡ് സ്ഥാപനങ്ങളില്‍ ഉണ്ടാവാനിടയുളള നിയമലംഘനങ്ങള്‍ തടയുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്താനും സാമ്പിളുകള്‍ ശേഖരിക്കാനും നടപടികള്‍ ആരംഭിച്ചു.

204 കള്ളുഷാപ്പുകളും, 28 ബാറുകളും, 5 ബിയര്‍ ആന്‍ജ് വൈന്‍ പാര്‍ലറുകളും, 12 റീട്ടേയ്ല്‍ മദ്യഷാപ്പുകളും ഇതുവരെ പരിശോധിച്ചു. 63 കള്ളു സാമ്പിളുകളും, 11 വിദേശ മദ്യസാമ്പിളുകളും രാസപരിശോധനക്കായി ശേഖരിച്ചു.

സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 98 അബ്കാരി കേസുകളും, 13 എന്‍ഡിപിഎസ് കേസുകളും, 165 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 7475 ലിറ്റര്‍ വാഷ്, 50 ലിറ്റര്‍ ചാരായം, 304.38 ലിറ്റര്‍ വിദേശമദ്യം, 104.83 ലിറ്റര്‍ അന്യസംസ്ഥാന വിദേശമദ്യം, 3250 ഗ്രാം കഞ്ചാവ്, 7.4 ഗ്രാം എം.ഡി.എം.എ, 8 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം ചരസ്സ് എന്നിവയും, 124.05 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും, കേസുകളുടെ ഭാഗമായി പിടിച്ചെടുത്തു. 74 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. 7 വാഹനങ്ങളും പിടിച്ചെടുത്തു.

ക്ഷീര ഗ്രാമം പദ്ധതി- അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ ക്ഷീര ഗ്രാമം 2021-22 പദ്ധതിയില്‍ കടലുണ്ടി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും കാലിതൊഴുത്ത് നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനുമായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായി ഡിസംബര്‍ 24 വരെ അപേക്ഷ സ്വീകരിക്കും. പദ്ധതി പ്രകാരം 2- പശു യൂണിറ്റ്, 3+2 ഡയറി യൂണിറ്റ്, 5 പശു യൂണിറ്റ്, 1+1 ഡയറി യൂണിറ്റ്, ധാതു ലവണ മിശ്രിതം, എന്നീ ഇനങ്ങളില്‍ ധനസഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ബ്ലോക്ക് ക്ഷീര വികസന ഓഫീസ്, കടലുണ്ടി ക്ഷീര വ്യവസായ സഹകരണ സംഘം, കടലുണ്ടി അക്ഷയ കേന്ദ്രം എന്നിവയുമായി ബന്ധപ്പെടാം.

മാനേജ്മെന്റ് ട്രെയിനി: എഴുത്തു പരീക്ഷ 28ന്

ജില്ലയിലെ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മാനേജ്മെന്റ് ട്രെയിനിമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്തു പരീക്ഷ ഡിസംബര്‍ 28ന് രാവിലെ 10 മണി മുതല്‍ 11.15 വരെ മാനാഞ്ചിറ മോഡല്‍ യു.പി സ്‌കൂളില്‍ നടത്തുമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.

യു.പി സ്‌കൂള്‍ ടീച്ചര്‍ നിയമനം- വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ മരുതോങ്കരയിലെ ഡോ. ബി.ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേയ്ക്ക് 2021-22 അധ്യയന വര്‍ഷത്തേക്ക് യു.പി സ്‌കൂള്‍ ടീച്ചറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 29ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952370379, 2370657.

കോവിഡ് ആശുപത്രികളിൽ 1,859 കിടക്കകൾ ഒഴിവ്

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,487 കിടക്കകളിൽ 1,859 എണ്ണം ഒഴിവുണ്ട്. 135 ഐ.സി.യു കിടക്കകളും 72 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 557 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 312 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 311 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 185 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.