കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്കായി 904892261, 9400635455.

അസി. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ്

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ്ങ് ടെക്‌നോളജി (സി.ഡിറ്റ്) നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേക്ക് അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ഇലക്ട്രോണിക്‌സിലോ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ലോ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ബി.സി.എ/ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. പ്രതിമാസ വേതനം 15,500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ബേപ്പൂര്‍ ഗവണ്‍മെന്റ് ഐടിഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 20 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവര്‍ അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവ. ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോൺ: 0495 2415040.

അക്രഡിറ്റഡ് ഓവര്‍സീയര്‍ കരാര്‍ നിയമനം

കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സർക്കാർ ഉത്തരവു പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ സംബന്ധിച്ചുള്ള രേഖകളും വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷയും ഡിസംബര്‍ 24 ന് വൈകീട്ട് നാല് മണിക്കകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0495 2260232.

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പ്രവേശനം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പ്ലംബിങ്ങ് സാനിറ്റേഷന്‍ ആന്‍ഡ് ഹോം ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്, ഡാറ്റാ എന്‍ട്രി, എക്കൗണ്ടിങ്ങ് (ടാലി), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നു. സിവില്‍സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാമെന്ന് ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍: 0495 2370026, 8891370026.

മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍ ഒഴിവ്

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ സര്‍ജറി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒ.ബി.സി. വിഭാഗം ഉദ്യോഗാർത്ഥികളുടെ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത :എം.ഡി/എം.എസ്/ഡിഎന്‍ബി ഇന്‍ ജനറല്‍ സര്‍ജറി.
ശമ്പളം :68900-205500 രൂപ.
പ്രായം : 22 – 45 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുളള ഒ.ബി.സി വിഭാഗത്തിലുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കററുകള്‍ സഹിതം ഡിസംബര്‍ 30 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

അംഗത്തിന് അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിയ്ക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിയ്ക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ പ്രസ്താവിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായി നടത്തിയ സമഗ്ര ഓണ്‍ലൈന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷണര്‍.

തുടര്‍ച്ചയായി മൂന്നു മാസത്തിനുള്ളിലെ മൂന്നു യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തിന്റെ സ്ഥാനം സ്വമേധയാ നഷ്ടപ്പെടുമെന്നതാണ് വ്യവസ്ഥ. ഇക്കാര്യം ബന്ധപ്പെട്ട അംഗത്തിനെ കൃത്യമായി അറിയിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്. അംഗത്തിന് പരാതിയുള്ള പക്ഷം പതിനഞ്ച് ദിവസത്തിനുള്ളില്‍ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട ഭരണസമിതിയ്ക്ക് കാര്യകാരണസഹിതം വിശദീകരണം നല്‍കാം. അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രേഖകള്‍ സഹിതം ഹര്‍ജി ഫയല്‍ ചെയ്യാം.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക കുറ്റമറ്റതാക്കി സൂക്ഷിക്കുന്നതിലും പഞ്ചായത്ത് സമിതി, സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങള്‍, ഗ്രാമസഭാ യോഗങ്ങള്‍ സംബന്ധിച്ച രേഖകള്‍ വീഴ്ച കൂടാതെ കൈകാര്യം ചെയ്യുന്നതിലും പഞ്ചായത്ത് സെക്രട്ടറിമാര്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ പരമാവധി പരിശീലന പരിപാടികള്‍ ഓണ്‍ലൈനായി നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. വിദഗ്ധര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടിയില്‍ സംശയനിവാരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ ക്രോഡീകരിച്ചിട്ടുള്ള ഇലക്ഷന്‍ ഗൈഡ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി ഇവയുടെ മൊബൈല്‍ ആപ്പുകളും തയ്യാറാക്കുന്നുണ്ട്. ഇതുവഴി ഉദ്യോഗസ്ഥരുടെ സമയവും പരിശീലന ചെലവും ലാഭിക്കാന്‍ കഴിയുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
പരിശീലന പരിപാടിയില്‍ കമ്മീഷന്‍ കണ്‍സള്‍ട്ടന്റ് അഡ്വ. കെ.റ്റി. ജോര്‍ജ്ജ് ക്ലാസ് എടുത്തു. സെക്രട്ടറി എ.സന്തോഷ്, ജോയിന്റ് സെക്രട്ടറി ജെയിംസ് പി.ജെ. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പ്: അപേക്ഷാ തീയതി നീട്ടി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 25 വരെ നീട്ടി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം ലഭിക്കും. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന്റെ ഒരു ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.

അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റെര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്പ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2021 എന്ന് എഴുതണം. അഭിമുഖത്തിന്റേയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.

തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്ത്മായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370225.