കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/12/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ഗതാഗതം നിരോധിച്ചു
ഈങ്ങാപ്പുഴ – കോടഞ്ചേരി റോഡില്‍ കൂപ്പായക്കോട് പാലം പുതുക്കിപ്പണിയുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈങ്ങാപ്പുഴയില്‍ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്പരപ്പറ്റ കൈപ്പുറം വഴിയോ മലപുറത്ത് നിന്ന് തെയ്യപ്പാറ വഴിയോ പോകണം. കോടഞ്ചേരിയില്‍ നിന്നും ഈങ്ങാപ്പുഴയിലേക്ക് വരുന്ന വാഹനങ്ങള്‍ കണ്ണോത്ത് നിന്ന് കൈപ്പുറം വഴിയോ തെയ്യപ്പാറ വഴിയോ തിരിഞ്ഞ് പോകണം.
കെല്‍ട്രോണില്‍ ഒഴിവുദിന കോഴ്‌സുകള്‍
കെല്‍ട്രോണില്‍ വിവിധ കോഴ്സുകളുടെ സണ്‍ഡേ/ ഒഴിവുദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0491 2504599, 9847412359.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 20ന്
സംസ്ഥാന വനിതാ കമ്മീഷന്‍ ഡിസംബര്‍ 20ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും
ഡോ.സഞ്ജീബ് പദ്‌ജോഷി സപ്ലൈകോ എംഡിയായി ചുമതലയേറ്റു
സപ്ലൈകോ ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് മാനേജിങ് ഡയറക്ടറായി ഡോ.സഞ്ജീബ് പദ്‌ജോഷി ചുമതലയേറ്റു. സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം ബാംഗ്ലൂരിലെ ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. അമേരിക്കയിലെ സൈറകസ് സര്‍വ്വകലാശാലയില്‍നിന്ന് എംബിഎയും ടെറി സര്‍വ്വകലാശാലയില്‍നിന്ന് സുസ്ഥിര വികസനത്തില്‍ പിജിഡിഎമ്മും നേടിയിട്ടുണ്ട്. നാഗ്പൂര്‍ എന്‍ഐടിയില്‍നിന്ന് ബി ടെക്കും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെക്കും കരസ്ഥമാക്കി.
511 സൂപ്പര്‍ മാര്‍ക്കറ്റുകളും 96 മെഡിക്കല്‍ സ്റ്റോറുകളും 72 മാവേലി സൂപ്പര്‍ സ്‌റ്റോറുകളും 36 പീപ്പിള്‍സ് ബസാറുകളും 11 പെട്രോള്‍ പമ്പുകളും മൂന്ന് എല്‍പിജി ഏജന്‍സികളും ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകളും 21 മൊബൈല്‍ മാവേലി സ്റ്റോറുകളുമാണ് സപ്ലൈകോയ്ക്ക് കീഴിലുള്ളത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇ- ഓഫീസ് : ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി
വടകര, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസുകള്‍ 2022 ജനുവരിയോടെ പൂര്‍ണ്ണമായും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ സപ്ലൈ ഓഫീസര്‍ പി.രാജീവ് ഉദ്ഘാടനം ചെയ്തു.
ഔദ്യോഗിക കാര്യങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിനാണ് ഓഫീസുകള്‍ ഇ- ഓഫീസായി (ഇലക്ടോണിക് ഫയല്‍ മാനേജ്മെന്റ് സിസ്റ്റം) മാറ്റുന്നത്.
വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി അദ്ധ്യക്ഷത വഹിച്ചു. അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ അഖില്‍ ക്ലാസ്സെടുത്തു. എസ്.മുരഹര കുറുപ്പ് സ്വാഗതവും ഐ.ടി. കോഡിനേറ്റര്‍ ആദിത്യ നന്ദിയും പറഞ്ഞു.
സപ്ലൈകോ വില്‍പനശാലകള്‍ ഡിജിറ്റല്‍ പേയ്മെന്റിലേക്ക് സേവനദാതാക്കള്‍ക്ക് പങ്കാളികളാകാം
സപ്ലൈകോ വില്‍പനശാലകള്‍ ഡിജിറ്റല്‍ പേയ്മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചു. http://supplycokerala.comവെബ് സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിനുശേഷം രണ്ടാം ഘട്ടം മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കാനാണ് പദ്ധതി. സപ്ലൈകോയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് താത്പര്യപത്രം സമര്‍പ്പിക്കാം.
പ്രധാന നിര്‍ദ്ദേശങ്ങള്‍ : ദിവസ വരുമാനം അതത് ദിവസങ്ങളില്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം.
ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഉപകരണങ്ങള്‍ ആവശ്യമെങ്കില്‍ സൗജന്യമായി കമ്പനികള്‍ തന്നെ സ്ഥാപിക്കണം. ഇടപാടുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ മാനേജര്‍ക്ക് ലഭ്യമാക്കണം. വില്പനശാലകളില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കും. നിലവിലെ മാതൃകകള്‍ കൂടാതെ പുതിയവയും കമ്പനികള്‍ക്ക് സമര്‍പ്പിക്കാം. താല്‍പര്യപത്രം ഡിസംബര്‍ 20നകം സമര്‍പ്പിക്കണം. ഇതില്‍ സാങ്കേതിക വിവരങ്ങളും വില്പനശാലകളിലെ അക്കൗണ്ടില്‍ പണം ലഭ്യമാകുന്ന ഇടവേളയും കൃത്യമായി പരാമര്‍ശിച്ചിരിക്കണമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
ദേശീയ ഉപഭോക്തൃ ദിനാചരണം: ജില്ലാതല ചിത്ര രചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ചിത്രചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും. വാട്ടര്‍ കളര്‍ മാധ്യമത്തില്‍ ഡിസംബര്‍ 19ന് രാവിലെ ഒന്‍പത് മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ.യു.പി. സ്‌കൂളില്‍ചിത്രരചനാ മത്സരം നടക്കും.
ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിഷയം മത്സരത്തിന് 30 മിനുട്ട് മുമ്പ് നല്‍കും. വരയ്ക്കുന്നതിനുള്ള എ3 പേപ്പര്‍ ഒഴികെ മറ്റ് സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0495-2370655 നമ്പറില്‍ ഡിസംബര്‍ 18ന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. പഠിക്കുന്ന സ്ഥാപന മേധാവി നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
‘പ്ലാസ്റ്റിക് മലിനീകരണം; ഹരിത ഉപഭോഗം’ എന്ന വിഷയത്തിലുള്ള ഫോട്ടോഗ്രാഫി മത്സരത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 18” x 12′ വലിപ്പത്തിലുള്ള കളര്‍ ഫോട്ടാകളാണ് അയയ്ക്കേണ്ടത്. മത്സര ചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം. പേര്, വയസ്സ്, വിലാസം, മൊബൈല്‍ നമ്പര്‍, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ സ്ഥാപന മേധാവി നല്‍കുന്ന സാക്ഷ്യപത്രം സഹിതമുള്ള എന്‍ട്രികള്‍ ഡിസംബര്‍ 18ന് വൈകീട്ട് നാലിനകം ജില്ലാ സപ്ലൈ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യഥാക്രമം 5000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. ഒന്നാം സ്ഥാനത്തിനര്‍ഹമായ സൃഷ്ടി സംസ്ഥാനതല മത്സരത്തിലേക്ക് പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370655.
സര്‍ഗ്ഗസാക്ഷ്യം’ യുവ സാഹിത്യ ക്യാമ്പ് വടകര ഇരിങ്ങല്‍ സര്‍ഗാലയില്‍
യുവ സാഹിത്യകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സാഹിത്യസൃഷ്ടികള്‍ ചര്‍ച്ച ചെയ്യുന്നതിനും അവരുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് നടത്തുന്ന ‘സര്‍ഗസാക്ഷ്യം’ യുവ സാഹിത്യ ക്യാമ്പ് വടകര ഇരിങ്ങല്‍ സര്‍ഗാലയയില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ 50 പ്രതിനിധികളാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം ഡിസംബര്‍ 17ന് രാവിലെ 10 മണിക്ക് ടി.പദ്മനാഭന്‍ നിര്‍വഹിക്കും. സംസ്ഥാന യുവജനക്ഷേമബേര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് അദ്ധ്യക്ഷനാകും.സി.വി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും. യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി ആശംസ അര്‍പ്പിക്കും. ബോര്‍ഡ് അംഗങ്ങളായ ദിപു പ്രേംനാഥ്, ഷെരീഫ് പാലോളി, ഷെനിന്‍ എം.പി, ഷബീറലി.പി.എം, യുവജനക്ഷേമബേര്‍ഡ് മെമ്പര്‍ സെക്രട്ടറി വി.ഡി.പ്രസന്നകുമാര്‍, ജില്ലാ കോഡിനേറ്റര്‍ ടി.കെ.സുമേഷ് എന്നിവര്‍ സന്നിഹിതരായിരിക്കും. ക്യാമ്പ് ഡയറക്ടര്‍ ഇ.പി. രാജഗോപാലന്‍ ക്യാമ്പ് വിശദീകരണം നടത്തും.
‘കഥ -ജീവിതം- ചരിത്രം’ എന്ന സെഷനില്‍ അശോകന്‍ ചരുവില്‍ അവതരണം നടത്തും,’സാഹിത്യം-സമൂഹം-പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ പ്രൊഫ. എം.എം.നാരായണന്‍ ക്ലാസെടുക്കും. ‘കാവ്യവിചാരം’ എന്ന സെഷനില്‍ വീരാന്‍കുട്ടി, മാധവന്‍ പുറച്ചേരി, ശിവദാസ് പുറമേരി, ഒ.പി.സുരേഷ്, സോമന്‍ കടലൂര്‍, ബിജു കാഞ്ഞങ്ങാട്, ശ്രീജിത്ത് അരിയല്ലൂര്‍, എം.ജീവേഷ്, വിമല്‍ പ്രസാദ്, ബിനീഷ് പുതുപ്പണം, അജിത രാജേഷ്, പി.ആര്‍.രതീഷ് എന്നിവര്‍ പങ്കെടുക്കും.
ഡിസംബര്‍ 18ന് ‘എഴുത്തനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ വി.ആര്‍.സുധീഷ് അവതരണം നടത്തും . ‘സാഹിത്യം – സ്ത്രീ – സമൂഹം’ എന്ന സെഷന്‍ ഡോ. ഖദീജ മുംതാസ്,ഡോ. രാജശ്രീ ടീച്ചര്‍ എന്നിവര്‍ അവതിരിപ്പിക്കും. ‘നോവലിലെ ജ്ഞാനമണ്ഡലങ്ങള്‍’ എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി സംസാരിക്കും. ‘അരങ്ങും സാഹിത്യവും’ എന്ന സെഷനില്‍ കരിവള്ളൂര്‍ മുരളി, ഇ.പി.രാജഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും. ‘സാഹിത്യവിമര്‍ശനം സമകാലീന ദൗത്യങ്ങള്‍’ എന്ന വിഷയത്തില്‍ സജയ് കെ.വി, രാജേന്ദ്രന്‍ എടത്തുങ്കര എന്നിവര്‍ ക്ലാസെടുക്കും.
മന്ത്രിയോടൊപ്പം എന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സംസാരിക്കും. കാനത്തില്‍ ജമീല എം.എല്‍.എ , പയ്യോളി നഗരസഭ ചയര്‍മാന്‍ വടക്കയില്‍ ഷെഫീക്ക്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ദിപു പ്രേംനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ക്യാമ്പംഗങ്ങളുടെ സൃഷ്ടികളുടെ അവതരണവും വിലയിരുത്തലും നടക്കും. എ.വി.പവിത്രന്‍, വീരാന്‍കുട്ടി, ശിവദാസ് പുറമേരി എന്നിവര്‍ സംബന്ധിക്കും.
ഡിസംബര്‍ 19 ന് ‘വായനാവിസ്മയങ്ങള്‍’ എന്ന സെഷന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അവതിരിപ്പിക്കും. ‘കല-കാലം-ജനത’ എന്ന സെഷന്‍ എം.സ്വരാജ് അവതിരിപ്പിക്കും.’പുതുകാലം – പുതുകവിത’ എന്ന വിഷയത്തില്‍ മോഹനകൃഷ്ണന്‍ കാലടി, ഡി.അനില്‍കുമാര്‍, വിജില, അശോകന്‍ മറയൂര്‍, വിമീഷ് മണിയൂര്‍ എന്നിവര്‍ സംസാരിക്കും’സംഗീതവും സാഹിത്യവും’ എന്ന വിഷയത്തില്‍ വി.ടി.മുരളി ക്ലാസെടുക്കും.
സമാപനസമ്മേളനം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് അദ്ധ്യക്ഷനാകും. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ വി.കെ.സനോജ്, ഷെരീഫ് പാലൊളി, ഷെനിന്‍ എം.പി, ഷബീറലി പി.എം എന്നിവര്‍ സന്നിഹിതരാകും.