കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/11/2021) ഇങ്ങനെ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം

ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 44-ാം മിനുട്ടില്‍ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റില്‍ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. ലീഡ് തിരിച്ചുപിടിക്കാന്‍ കളി ശക്തമാക്കിയ കേരളം 75-ാം മിനുട്ടില്‍ മാനസയുടെ ഹെഡര്‍ ഗോളിലൂടെ മുന്നിലെത്തി. കെ വി അതുല്യയുടെ മികച്ചൊരു പാസില്‍ നിന്നാണ് മാനസ കേരളത്തിനായി വലകുലുക്കിയത്. കളിയുടെ അവസാന നിമിഷത്തില്‍ ഫെമിനയെ ബോക്‌സില്‍ വീഴ്ത്തിയതിന് കേരളത്തിന് പെനാല്‍റ്റി കിട്ടി. ഇത് ഫെമിന തന്നെ ഗോളാക്കിയതോടെ കേരളം 3-1 ന് വിജയം ഉറപ്പിച്ചു.

മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോല്‍പ്പിച്ചു. ജ്യോതി (18), വിധി (22), താനു (71), പൂജ (75), എന്നിവരാണ് ഹരിയാനക്കായി ഗോളുകള്‍ നേടിയത്.

പുള്ളന്നൂര്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 28.6 ലക്ഷം

പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 28.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. ക്ലാസ് റൂമുകളുടെ അപര്യാപ്തത മൂലം ഈ സ്‌കൂളില്‍ അനുഭവപ്പെടുന്ന പ്രയാസത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ പരിഹാരമാവും.

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് മുൻപ് അനുവദിച്ച 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്.

സ്പീച്ച് തെറാപിസ്റ്റ് കരാര്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ‘ശ്രുതി തരംഗം’ പദ്ധതിയില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി. ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രതിമാസ ശമ്പളം 20,000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഡിസംബര്‍ 13ന് രാവിലെ 11 മണിക്കകം ഹാജരാകണം. ഫോണ്‍ : 0495 2350205.

റേഷന്‍കാര്‍ഡ് -സപ്ലൈ ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍

റേഷന്‍കാര്‍ഡ് സംബന്ധമായി കാര്‍ഡുടമകള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സഹായത്തിനുമായി ജില്ലയിലെ മുഴുവന്‍ സപ്ലൈ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

കരിക്കാംകുളം- മാങ്കാവ് എം.എല്‍.എ റോഡില്‍ ചുള്ളിയോട് കള്‍വെര്‍ട്ട് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 01) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോട്ടൂളി നിന്നും സിവില്‍ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പനാത്ത് താഴത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൊയിലാണ്ടിയില്‍ സഞ്ചരിക്കുന്ന സപ്ലൈകോ വില്‍പന ശാല നാളെ മുതല്‍

കൊയിലാണ്ടി താലൂക്കില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലയുടെ പ്രവര്‍ത്തനം നാളെ (ഡിസംബര്‍ 2) മുതല്‍. സബ്സിഡിയുള്ള 13സാധനങ്ങള്‍ക്കൊപ്പം ശബരി ഉത്പന്നങ്ങളും ലഭിക്കും. താലൂക്ക് തല ഉദ്ഘാടനം ഡിസംബര്‍ രണ്ടിനു രാവിലെ എട്ട് മണിക്ക് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഡിപ്പോ ഓഫീസ് പരിസരത്തു നിര്‍വ്വഹിക്കും.

സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന തിയ്യതി, സ്ഥലം, സമയം എന്ന ക്രമത്തില്‍ : ഡിസംബര്‍ രണ്ട്- കോട്ടയ്ക്കല്‍ രാവിലെ ഒന്‍പത് മണി, ഇരിങ്ങല്‍ 11, പുറക്കാട് ഉച്ചക്ക് ഒരു മണി, ചാലില്‍ പറമ്പ് – 3.30, പൊയില്‍ക്കാവ് – 4.30, കാപ്പാട് 5.30. മൂന്നിന് – ഇരിങ്ങത്ത് രാവിലെ ഒന്‍പത് മണി, മഠത്തില്‍ മുക്ക് 10.30, ചേനായി ഉച്ചക്ക് 12 മണി, കാവുംതറ – രണ്ട് മണി, തൃക്കുറ്റിശ്ശേരി – 3.30, എരമംഗലം – വൈകീട്ട് അഞ്ചിന്. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈവശം വെക്കണമെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു.

കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം- സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ 19, 20 ബാച്ചുകളിലെ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. വിദ്യാഭ്യാസം, സാമൂഹ്യ നീതി, ആരോഗ്യം, സ്ത്രീ സുരക്ഷ, യുവജന ശാക്തീകരണം, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചു ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആവശ്യമായ പിന്തുണ നല്‍കുകയാണ് ഇന്റേണ്‍സിന്റെ ഉത്തരവാദിത്തം.

ഡെപ്യൂട്ടി കളക്ടര്‍മാരായ അനിത കുമാരി, ഷാമിന്‍ സെബാസ്റ്റ്യന്‍, നാഷനല്‍ ഇന്‍ഫര്‍മേറ്റിക്‌സ് സെന്റര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ റോളി ടി.ഡി, ഐ.ടി.മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മിഥുന്‍ കൃഷ്ണ എന്നിവര്‍ ആശംസയര്‍പ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ഇന്റേണ്‍സ് കലക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. 2016 ല്‍ ആരംഭിച്ച ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി.