കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (24/11/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
“ഓപ്പറേഷൻ വിബ്രിയോ” – ജില്ലയിൽ 11,330 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു
ജില്ലയിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജലജന്യ രോഗങ്ങൾ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ” ഓപ്പറേഷൻ വിബ്രിയോ” പരിപാടിയുടെ ഭാഗമായി 11,330 കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫറൂഖ് അറിയിച്ചു. ആകെ 15,941 വീടുകൾ സന്ദർശിച്ചു. 746 ടീമുകൾ വിവിധ ആരോഗ്യ ബ്ലോക്കുകളിൽ രംഗത്തിറങ്ങി.
ഭക്ഷണസാധനങ്ങൾ തയ്യാറാക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന 153 സ്ഥാപനങ്ങൾ പരിശോധിച്ചു. ഒരു ഹോട്ടലിന് നോട്ടീസ് നൽകി. 32 ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 5,730 ലഘുലേഖകൾ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയുള്ള പ്രചരണവും ഊർജ്ജിതമാക്കി. വരും ദിവസങ്ങളിൽ പ്രതി രോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി ഡി.എം.ഒ. അറിയിച്ചു.
സംവരണം : സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള നിയമനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും 2021-23 വര്‍ഷത്തേക്ക് തയ്യാറാക്കിയിട്ടുളള വിവിധ സീനിയോറിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളളതുമായ അർഹരായ ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ഗതാഗതം നിരോധിച്ചു
കല്ലേരി – ചെട്ടിക്കടവ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ 29 മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കല്ലേരി, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിയങ്ങാട് – പെരുവഴിക്കടവ് – ഇഷ്ടിക ബസാര്‍ വഴി പോകണം.
മരം ലേലം
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്രബോധിനി ജംഗ്ഷന്‍ മുതല്‍ മണ്ണൂര്‍ റെയില്‍ക്രോസ് വഴി ചാലിയം വരെ റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട 25 മരങ്ങള്‍ കടുലണ്ടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നവംബര്‍ 30 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍ : 0495 2724727.
കോവിഡ് നിയമലംഘനം 41 കേസുകൾ രജിസ്റ്റർ ചെയ്തു
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 41 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ നാല് കേസുകളും നഗര പരിധിയിൽ ഒരു കേസും രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് റൂറലിൽ 20 കേസുകളും നഗര പരിധിയിൽ 20 കേസുകളും രജിസ്റ്റർ ചെയ്തു.
കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ത്രിദിന പരിശീലനം
വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 7,8,9 തിയ്യതികളില്‍ ‘വിളവെടുപ്പിനു ശേഷമുളള സംസ്‌കരണവും മൂല്യവര്‍ദ്ധിത ഉത്പനങ്ങളും, 21,22,23 തിയ്യതികളില്‍ ഓര്‍ഗാനിക്ക് ഫാമിംഗ് എന്നീ വിഷയങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 30ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ : 0495-2373582.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സെസ്സ് അദാലത്ത്
ബില്‍ഡിംഗ് സെസ്സ് കുടിശിക പിരിച്ചെടുക്കുന്നതിന് ബില്‍ഡിംഗ് സെസ്സ് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 ഒക്‌ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്ത പ്രാഥമിക നോട്ടീസ്, അസസ്സ്‌മെന്റ് നോട്ടീസ്, ഉത്തരവ്, ഷോക്കോസ് എന്നീ ഘട്ടങ്ങളിലുള്ള എല്ലാ ഫയലുകളും അദാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെസ്സ് അദാലത്ത് നടക്കുന്നത് സംബന്ധിച്ച ഏതെങ്കിലും നോട്ടീസ് ലഭിച്ചവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. അദാലത്തില്‍ വരുന്നവര്‍ താലൂക്കില്‍ നിന്നും ഒറ്റത്തവണ നികുതി അടച്ച റസീറ്റ്/കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍) പ്ലിന്ത് ഏരിയയും കാലപ്പഴക്കവും തെളിയിക്കുന്ന രേഖകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ക്ക് പലിശ ഇളവിന് അര്‍ഹതയുണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 0495 2370538 എന്ന നമ്പറില്‍ ബന്ധപ്പെടാം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയൂര്‍വ്വേദ കോളേജുകള്‍ എന്നിവയിൽ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയൂര്‍വേദ) ( കാറ്റഗറി നമ്പർ: 531/19) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
റെയില്‍വേ ചൈല്‍ഡ് ഡെസ്‌കില്‍ ടീം മെമ്പറുടെ ഒഴിവ്
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കില്‍ പുരുഷ ടീം മെമ്പറുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ.സോഷ്യോളജി. നിശ്ചിത യോഗ്യതയുളവര്‍ railwaychildlinecalicut@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ഈ മാസം 29ന് മുന്‍പ് അപേക്ഷ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9207921098.
കോഴിമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും അംഗീകാരം നല്‍കി
ജില്ലയില്‍ കോഴിമാലിന്യം സംസ്‌കരിക്കുന്നതിനുള്ള ഏജന്‍സിയായി കിട്ടപ്പാറയിലെ ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് അമ്പായത്തോട് എന്ന സ്ഥാപനത്തെ അംഗീകരിച്ച് ഡി.എല്‍.എഫ്.എം.സി യോഗത്തില്‍ തീരുമാനമായി. സ്ഥാപനത്തിന് ജില്ലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കോഴിയറവു മാലിന്യം ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നതിന് അംഗീകാരം നല്‍കി. ഡി.എല്‍.എഫ്.എം.സി നിശ്ചയിക്കുന്ന പ്രകാരമുള്ള ഫീസ്, റോയല്‍റ്റി, ധാരണാപത്രങ്ങള്‍ എന്നിവ പ്രകാരം കോഴിയിറച്ചി വില്‍പന ശാലകള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയും യോഗത്തില്‍ ഉത്തരവായി. ജില്ലയിലെ കോഴിക്കടകളുടെ ലൈസന്‍സ് 2022-23 വര്‍ഷത്തിലേക്ക് പുതുക്കുന്ന ഘട്ടത്തില്‍ ഡി.എല്‍.എഫ്.എം.സി അംഗീകരിക്കുന്ന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രം നിര്‍ബന്ധമായിരിക്കുമെന്ന് ഡി.എല്‍.എഫ്.എം.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ബി.എഡ് സീറ്റ് ഒഴിവ്
കല്ലായിയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ വിവിധ വിഷയങ്ങളിൽ ബി.എഡ് സീറ്റുകൾ ഒഴിവുകളുണ്ട്. അറബിക്ക്, ഗണിത ശാസ്ത്രം, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ അംഗപരിമിതര്‍ക്ക് ഓരോ സീറ്റ് വീതവും അറബിക്ക് വിഷയത്തില്‍ ഇ.ഡബ്ല്യു.എസ്, കുശവ വിഭാഗങ്ങള്‍ക്ക് ഓരോ സീറ്റ് വീതവും ഫിസിക്കല്‍ സയന്‍സില്‍ കുടുംബി വിഭാഗത്തിന് ഒരു സീറ്റും ഗണിത ശാസ്ത്രത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് ഒരു സീറ്റുമാണ് ഒഴിവുള്ളത്.
യൂണിവേഴ്‌സിറ്റിയില്‍ ബി.എഡ് കോഴ്‌സിന് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 29ന് രാവിലെ 10 മണിക്ക് അസ്സൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ടു വീതം പകര്‍പ്പുകളും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകാം. ഇതുവരെ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ബി.എഡ് ലേറ്റ് റജിസ്‌ട്രേഷന്‍ ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്തശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസർ: 8089522808.
കോവിഡ് ആശുപത്രികളിൽ 1,894 കിടക്കകൾ ഒഴിവ്
ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,641 കിടക്കകളിൽ 1,894 എണ്ണം ഒഴിവുണ്ട്. 129 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 527 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 341 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 252 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 307 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 193 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.
അക്രമനിര്‍മാര്‍ജന- സ്ത്രീധന വിരുദ്ധ ദിനാചരണം നാളെ കോഴിക്കോട്ട്; വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പങ്കെടുക്കും
അതിക്രമങ്ങളില്ലാത്ത ലോകത്തിനായി ജാഗ്രതയോടെ മുന്നോട്ട് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമനിര്‍മാര്‍ജന അന്താരാഷ്ട്രദിനം (നവം. 25), സംസ്ഥാന സ്ത്രീധന നിരോധന ദിനം (നവം. 26) എന്നിവ സംസ്ഥാന വനിതാ കമ്മീഷന്‍ സംയുക്തമായി നാളെ (നവംബർ 25) കോഴിക്കോട് ആചരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമനിര്‍മാര്‍ജന അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായുള്ള ജാഗ്രതാസമിതി പരിശീലനത്തിന്റെ ഉദ്ഘാടനം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി രാവിലെ 10.30-ന് ടഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വഹിക്കും.
സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമം നിര്‍മാര്‍ജനം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഓരോ വാര്‍ഡിലും പ്രവര്‍ത്തിച്ചുവരുന്ന ജാഗ്രതാസമിതികളെ കൂടുതല്‍ ജാഗരൂകരാക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ട പരിശീലനമാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനുകളിലേയും ജാഗ്രതാസമിതി ചെയര്‍പേഴ്സണ്‍മാരും കണ്‍വീനര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കും. മേയര്‍ ഡോ. എം.ബീന ഫിലിപ്പ് അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ കമ്മീഷന്‍ അംഗം അഡ്വ. എം.എസ്.താര വിഷയാവതരണം നടത്തും. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് സ്വാഗതം ആശംസിക്കും.
വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഒ.പി.ഷിജിന, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.ദിവാകരന്‍, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഡോ. എസ്. ജയശ്രീ, നഗരകാര്യ വികസന സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി, കായിക വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി. രേഖ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി.കവിത, നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി.കെ.ഗീത, സെന്‍ട്രല്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒ.രജിത, സൗത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീജവിനോദ്, സിഡിപിഒമാരായ രശ്മിരാമന്‍, കെ.ലേഖ, ടി.എന്‍.ധന്യ, വി.ഡി.സ്റ്റെല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് ഗവ. ലോ കോളജില്‍ ‘1961-ലെ സ്ത്രീധന നിരോധന നിയമം – ഭേദഗതി അനിവാര്യം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ഥികൾ പങ്കെടുക്കുന്ന മുഖാമുഖം വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്യും. ലോ കോളജ് അസോസിയേറ്റ് പ്രഫസര്‍ സി.വി. കുമാരന്‍ അധ്യക്ഷത വഹിക്കും. കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര, കോഴിക്കോട് ഗവ. ലോ കോളജ് അസി. പ്രഫസര്‍ അഞ്ജലി പി. നായര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ആതിര, വിദ്യാര്‍ഥി പ്രതിനിധി ബ്രിജേഷ് എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വനിതാ കമ്മീഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് സ്വാഗതവും ലോ കോളജ് വിദ്യാര്‍ഥി പ്രതിനിധി കെ. കീര്‍ത്തി നന്ദിയും പറയും. ഇതോടനുബന്ധിച്ച് സ്ത്രീധനവിരുദ്ധ പ്രതിജ്ഞയും നടക്കും. കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേരള വനിതാ കമ്മിഷന്റെ സ്ത്രീധന വിരുദ്ധ കാംപെയ്ന്‍ ‘സകുടുംബം സ്ത്രീധനത്തിനെതിരേ’ ഓണ്‍ലൈന്‍ സത്യപ്രതിജ്ഞാ കാംപെയ്ന്റെ സമാപനമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.