കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/11/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ലിഫ്റ്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ: ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്കായി 904892267, 9400635455

ക്വട്ടേഷൻ/ ലേലം

സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കോഴിക്കോട് തിരുത്തിയാട് സെന്ററിന്റെ കീഴിലുള്ള കലവറ വഴി 8 എംഎം കമ്പിയുടെ ക്വട്ടേഷന്‍ ഡിസംബര്‍ ഒന്നിന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ക്വട്ടേഷന്‍ തരാത്തവര്‍ക്ക് ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് നടത്തുന്ന ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷന്‍ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കൂ. വിവരങ്ങള്‍ക്ക് 0495-2772394, 8111882869.

വനിതാ പോളിയിൽ സ്പോട്ട് അഡ്മിഷന്‍ നാളെ

കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നാളെ (നവംബര്‍ 24) കോളേജില്‍ നടത്തും. പുതിയതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 9.30 ന് സ്ഥാപനത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പുതിയതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷ ഫീസായി എസ്.സി/എസ്.ടി വിഭാഗത്തില്‍ പെടുന്നവര്‍ 75 രൂപയും മറ്റുള്ളവര്‍ 150 രൂപയും ഓണ്‍ലൈനായി ഓഫീസില്‍ അടക്കണം. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. അതത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം നല്‍കുക.
എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരും കോഷന്‍ ഡെപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3780 രൂപയും എ.ടി.എം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പിടിഎ ഫണ്ടായി 1500 രൂപ പണമായി ഒടുക്കണം. അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്ക് 9526123432, 0495 2370714.

താല്‍ക്കാലിക ഇന്റേണ്‍സിനെ നിയമിക്കുന്നു

വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുളള ജില്ലയിലെ വ്യവസായ വികസന പ്ലോട്ടിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി 10,000 രൂപ പ്രതിമാസ വേതന നിരക്കില്‍ മൂന്ന് മാസക്കാലത്തേക്ക് താല്‍ക്കാലികമായി ഇന്റേണ്‍സിനെ നിയമിക്കുന്നു. 25 നും 40 നും ഇടയില്‍ പ്രായമുളള എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ആവശ്യമെങ്കില്‍ എഴുത്തു പരീക്ഷയും നടത്തും. ജില്ലാ പരിധിക്കുളളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷാ ഫോം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നോ താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നോ നേരിട്ട് ലഭ്യമാകും. അപേക്ഷ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്, 673011 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വാട്ടര്‍ സ്പോര്‍ട്സിൽ പങ്കെടുക്കാൻ അവസരം

ഡിസംബര്‍ 26 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി വാട്ടര്‍ സ്പോര്‍ട്സ് മേഖലയില്‍ നിന്നും പ്രദര്‍ശനം, മത്സരം എന്നിവയിലേക്ക് കോഴിക്കോട് ജില്ലയിലെ തദ്ദേശീയരില്‍ നിന്നും അപേക്ഷകളും പ്രൊപ്പോസലുകളും സ്വീകരിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 26 ന് വൈകീട്ട് അഞ്ചിനകം ബേപ്പൂരിലെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കാര്യാലയത്തിന് സമീപമുള്ള സ്വാഗത സംഘം ഓഫീസില്‍ ഇവ സമര്‍പ്പിക്കുകയോ beyporewaterfest@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കുകയോ ചെയ്യണം. വിവരങ്ങള്‍ക്ക് 8547987347.

ബി.എസ്.സി കെമിസ്ട്രി സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിഭാഗത്തില്‍ ഒ.ഇ.സി കാറ്റഗറിയില്‍ രണ്ട് സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നാളെ (നവംബര്‍ 24) രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി

തിരുവള്ളൂരിലെ പെട്രോള്‍ പമ്പിന് മുന്‍പിലെ ബോര്‍ഡില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന സംഘം അപകടം നടന്ന പെട്രോള്‍ പമ്പിലും ആയഞ്ചേരി, കല്ലേരി തുടങ്ങിയ സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി.
തീപ്പിടിത്തമുണ്ടായ തിരുവള്ളൂരിലെ പെട്രോള്‍ പമ്പില്‍ ആവശ്യമായ ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പരിശോധന സമയം പെട്രോള്‍ പമ്പില്‍ ലൈസന്‍സിയോ മറ്റു ഉത്തരവാദപ്പെട്ട ആളുകളോ ഇല്ലായിരുന്നു.എക്സ്പ്ലോ സീവ് ലൈസന്‍സ്, ഡീലര്‍ ലൈസന്‍സ് എന്നിവ ഹാജരാക്കാനായി അറിയിച്ചു. ആവശ്യത്തിന് ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍, മണല്‍ നിറച്ച തൊട്ടികള്‍ എന്നിവ പമ്പില്‍ സ്ഥാപിക്കാനും അപകട സമയത്ത് ആവശ്യമായ സുരക്ഷ ഒരുക്കാനായി ജീവനക്കാര്‍ക്ക് അറിവ് നല്‍കാനും നിര്‍ദ്ദേശിച്ചു.

ആയഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സി.സി പെട്രോള്‍ പമ്പില്‍ നടത്തിയ പരിശോധനയില്‍ ആവശ്യത്തിന് ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഉണ്ടെങ്കിലും അവ ഡിസ്‌പെന്‍സിങ് സ്റ്റേഷന് അടുത്ത് വയ്ക്കാതെ ഓഫീസിനുള്ളില്‍ സൂക്ഷിച്ചതായി കണ്ടെത്തി. ജീവനക്കാര്‍ക്ക് ഇവ ഉപയോഗിക്കാന്‍ അറിയില്ലെന്നും കണ്ടെത്തി. കല്ലേരിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലും ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഡിസ്പന്‍സിങ് സ്റ്റേഷന് സമീപം സൂക്ഷിക്കാനായി നിര്‍ദേശം നല്‍കി.പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍.ടി.സി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നിജിന്‍ടി.വി, ശ്രീധരന്‍ കെ.കെ, വിജിഷ് ടി.എം, ജീവനക്കാരനായ ശ്രീജിത് കുമാര്‍ കെ.പി. എന്നിവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 3 കെവിഎ യുപിഎസിന് വേണ്ട 8 നമ്പേഴ്‌സ് (26 AH12V) ബാറ്ററി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ ആറിന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383210.

കൊടിമരങ്ങളും സ്തൂപങ്ങളും നീക്കം ചെയ്യണം

കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ വശം ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനസംഘടനകള്‍, മതസംഘടനകള്‍ തുടങ്ങിയവർ സ്ഥാപിച്ച കൊടിമരം, സ്തൂപങ്ങള്‍ എന്നിവ അടിയന്തരമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നീക്കം ചെയ്യണമെന്നും ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കണമെന്നും കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ലോക മണ്ണ് ദിനാഘോഷം- കവിതാ രചന മത്സരം

ജില്ലയിലെ മുഴുവന്‍ കര്‍ഷകരിലേക്കും ലോകമണ്ണ് ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും എത്തിക്കുന്നതിനായി കോഴിക്കോട് ജില്ലാ മണ്ണു പരിശോധനാ ലബോറട്ടറിയുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ കര്‍ഷകര്‍ക്കായി ലോകമണ്ണ് ദിനത്തിന്റെ ഭാഗമായി ‘മണ്ണ്’ എന്ന വിഷയത്തിൽ കവിതാരചനാ മത്സരം നടത്തും. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 ന് വൈകീട്ട് അഞ്ച് മണി. അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ്, ജില്ലാമണ്ണ് പരിശോധനാ കേന്ദ്രം, തിക്കോടി പി.ഒ. കോഴിക്കോട് 673 529 എന്ന വിലാസത്തില്‍ കവിതകള്‍ അയക്കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ഡിസംബര്‍ 10 മുതല്‍ 20 വരെ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവൃത്തിസമയങ്ങള്‍ ലാബ് സന്ദര്‍ശിക്കാനും സംശയ നിവാരണത്തിനും അവസരമൊരുക്കും. ഫോണ്‍: 9383471791, ഇ മെയില്‍ – ascdstlthikkoti@gmail.com.

സപ്പോര്‍ട്ടിംഗ് സ്റ്റാഫ് നിയമനം

കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 18 നും 35 നുമിടയിൽ. എംപ്ലോയബിലിറ്റി സെന്ററില്‍ പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ യോഗ്യത, തൊഴില്‍ പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 29 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവിൽ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍.പി.എസ് 2, എന്‍സിഎ ഒ.ബി.സി കാറ്റഗറി നം. 458/2020 തസ്തികയുടെ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ റാങ്ക് പട്ടിക 2021 ഒക്ടോബര്‍ 21 ന് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

താൽകാലിക നിയമനം: വടകര മോഡല്‍ പോളിയില്‍ അഭിമുഖം 25 ന്

ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയന വര്‍ഷം വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് നവംബര്‍ 25 ന് കോളേജില്‍ അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. തസ്തിക, സമയം, യോഗ്യത എന്ന ക്രമത്തില്‍: ട്രേഡ്‌സ്മാന്‍ (കമ്പ്യൂട്ടര്‍) രാവിലെ 10 മണി – എസ്,എസ്.എല്‍.സി, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്ട്രേറ്റര്‍ (മെക്കാനിക്കല്‍) രാവിലെ 11 മണി – ഫസ്റ്റ് ക്ലാസ് ത്രീവത്സര എന്‍ജിനിയറിങ് ഡിപ്ലോമ.
നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കുകയുള്ളു. താല്‍പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം ഹാജരാവണം.വിശദ വിവരങ്ങള്‍ക്ക് 0496 2524920.

സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.സി.എ കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗക്കാരുടെ അഭാവത്തില്‍ യോഗ്യരായ എസ്.സി/ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ നവംബര്‍ 25 ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കുക

മാനന്തവാടി ഗവ. കോളേജില്‍ സ്പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ.കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ് യു.ജി കോഴ്സില്‍ നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. നവംബര്‍ 25 ന് വൈകീട്ട് അഞ്ച് വരെ കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാം.

ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടൽ അനിവാര്യം: മന്ത്രി അഹമ്മദ് ദേവർ കോവിൽ

ദേശീയ ഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ മാനസിക നിലവാരം മനസിലാക്കി പെരുമാറാൻ അധ്യാപകർക്ക് കഴിയണം. ഹിന്ദി ഭാഷയെ സ്നേഹിക്കാൻ നമുക്കാകണം. സുരീലി പരിശീലന പരിപാടിയിൽ അധ്യാപകർക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കണം. ഹിന്ദി ഭാഷയെ കൂടുതൽ അടുത്തറിയാൻ ഇതുവഴി സാധ്യമാകും. നിർബന്ധിത സാഹചര്യമായതിനാൽ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെട്ടു . വിദ്യാർഥികളുടെ സഹജമായ കൂട്ടായ്മയ്ക്ക് ഓഫ് ലൈൻ ക്ലാസുകളാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.

2016-17 അധ്യയന വർഷമാണ് സർവശിക്ഷാ അഭിയാൻ സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടി ആരംഭിച്ചത്. ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് റിസോഴ്സ് സെൻ്ററു (ബി .ആർ .സി) കളിലെ പ്രൈമറി വിഭാഗം ഹിന്ദി അധ്യാപകരെ ഉൾപ്പെടുത്തിയാണ് ആദ്യ ശിൽപശാലകൾ സംഘടിപ്പിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ വിവിധ മൊഡ്യൂളുകൾ രൂപപ്പെടുത്തി പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് ശില്പശാലകൾ നടത്തി .

ക്ലാസ് മുറികളിൽ ഹിന്ദി ഭാഷ സ്വാഭാവികമായ രീതിയിൽ പ്രയോഗിക്കാൻ ആത്മ വിശ്വാസം നൽകുക എന്നതായിരുന്നു സുരീലി ഹിന്ദി ശില്പശാലകളുടെ ലക്ഷ്യം.

ഇക്കുറി കവിതകൾ,കഥകൾ ,ലഘു നാടകങ്ങൾ, പാവനാടകം എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ പിന്തുണ ഉറപ്പു വരുത്തുന്ന ഡിജിറ്റൽ മൊഡ്യൂളുകളാണ് സുരീലി ഹിന്ദി പാക്കേജിൽ തയ്യാറാക്കിയിട്ടുള്ളത്. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഹിന്ദി ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുക, സാഹിത്യാഭിരുചി വളർത്തുക, വിദ്യാർഥികളിലെ സർഗാത്മകത വളർത്തുക എന്നിവയും സുരീലി ഹിന്ദിയുടെ ലക്ഷ്യമാണ്.വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി അധ്യക്ഷത വഹിച്ചു. യുആർസി സൗത്ത് ട്രെയിനർ പി.സുഭാഷ് പദ്ധതി വിശദീകരിച്ചു. എസ്എസ്കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ കെ.എൻ.സജീഷ് നാരായണൻ,
ജില്ലാ പ്രോഗ്രാം ഓഫീസർ ഷീബ വി.ടി ,ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർമാരായ പി.അഭിലാഷ് കുമാർ, വി.ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.

അറിയാവുന്നവർ വിവരം നൽകണം

താഴെ ഫോട്ടോയില്‍ കാണുന്ന സന്തോഷ് (58) എന്നയാള്‍ നവംബര്‍ 17 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയാണ്. ഇയാളെക്കുറിച്ച് വിവരം അറിയുന്നവര്‍ വെളളയില്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2384799.

പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.